ഓസ്‌ട്രേലിയൻ ബയോടെക് കമ്പനി എല്ല്യൂമയുമായി അമേരിക്ക കരാറില്‍ ഒപ്പുവെച്ചു

Metrom Australia Feb. 2, 2021 BUSINESS

ബ്രിസ്‌ബെയ്ന്‍: അമേരിക്കന്‍ ഗവണ്‍മെന്റ് ബ്രിസ്‌ബെയ്ന്‍ ആസ്ഥാനമായുള്ള കമ്പനിയുമായി അതിവേഗത്തിലുള്ള കോവിഡ് ടെസ്റ്റ് കിറ്റിനായി കരാര്‍ ഒപ്പിട്ടു. ഇപ്പോള്‍ ഒരു മില്യണ്‍ ഡോളര്‍ കരാറാണ് ഒപ്പുവെച്ചിരിക്കുന്നത്. Ellume ന്റെ ടെസ്റ്റ് കിറ്റ് യുഎസ് റെഗുലേറ്റര്‍മാര്‍ കഴിഞ്ഞ വര്‍ഷം അംഗീകരിച്ചിരുന്നു. ഈ കിറ്റുകള്‍ 96 ശതമാനം കൃത്യതയുള്ളതാണെന്നും, 20 മിനിറ്റിനുള്ളില്‍ ഫലങ്ങള്‍ നേടാനാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 302 മില്യണ്‍ ഡോളര്‍  കരാറിന്റെ ഭാഗമായി കമ്പനി പ്രതിമാസം 19 ദശലക്ഷം കിറ്റുകള്‍ ഉത്പാദിപ്പിക്കുന്നതാണ്.

ഓസ്‌ട്രേലിയക്ക് ഗൂഗിളിന്റെ മുന്നറിയിപ്പ്

Metrom Australia Feb. 2, 2021 GOVERNMENT , BUSINESS

രാജ്യത്ത് സര്‍ക്കാര്‍ കൊണ്ടുവരുന്ന മീഡിയ ബാര്‍ഗൈനിംഗ് കോഡ് നിയമമായി മാറിയാല്‍ ഓസ്‌ട്രേലിയയിലെ സെര്‍ച്ച് സംവിധാനം നിര്‍ത്തലാക്കുമെന്ന് ഗൂഗിളിന്റെ ഭീഷണി. വാര്‍ത്താ ലിങ്കുകള്‍ നല്‍കുമ്പോള്‍ മാധ്യമസ്ഥാപനങ്ങള്‍ക്ക് ഗൂഗിളും ഫേസ്ബുക്കും പണം നല്‍കണം എന്നാണ് മീഡിയ ബാര്‍ഗൈനിംഗ് കോഡ് നിര്‍ദ്ദേശിക്കുന്നത്. ഡിജിറ്റല്‍ രംഗം സജീവമായതോടെ, മാധ്യമങ്ങളുടെ പ്രധാന വരുമാനമാര്‍ഗ്ഗമായ പരസ്യങ്ങള്‍ വന്‍തോതില്‍ കുറഞ്ഞതും, ഇത് പത്രങ്ങള്‍ അടച്ചുപൂട്ടുന്നതിലേക്ക് വരെ നയിച്ചതുമാണ് ഇത്തരമൊരു നിയമം കൊണ്ടുവരുന്നതിന്റെ കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

വാര്‍ത്ത അറിയുന്നതിനു വേണ്ടിയാണ് നല്ലൊരു ഭാഗം പേരും ഗൂഗിളിലും ഫേസ്ബുക്കിലും എത്തുന്നതെന്നും, മാധ്യമസ്ഥാപനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ സൗജന്യമായി നല്‍കി പരസ്യം നേടുകയാണ് എന്നുമാണ് പ്രമുഖ മാധ്യമങ്ങളുടെ പരാതി. എന്നാല്‍, മാധ്യമസ്ഥാപനങ്ങളുടെ വെബ്‌സൈറ്റിലേക്ക് ആളുകളെ നയിക്കുന്ന ഇടനിലക്കാരായി മാത്രമാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നും, അതില്‍ നിന്ന് ലാഭമുണ്ടാക്കുന്നില്ല എന്നും ഗൂഗിളും ഫേസ്ബുക്കും വാദിക്കുന്നു.  ഈ സാഹചര്യത്തിലാണ് ഓസ്‌ട്രേലിയയിലെ സെര്‍ച്ചിന്‍ എഞ്ചിന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കിയത്. 

ആസാദിന്റെ മൂല്യങ്ങള്‍

Metrom Australia Feb. 2, 2021 BUSINESS

മരുന്നില്‍ അല്ല മാജിക് മനസ്സിലും നൈപുണ്യത്തിലുമാണെന്ന് മാനവരാശിക്കു മുന്നില്‍ തെളിയിച്ച മഹത്തായ വ്യക്തിത്വമാണ് ഡോ.ആസാദ് മൂപ്പന്‍. പേരില്‍ ചരിത്രവും ചരിത്രത്തില്‍ പേരും ഊട്ടിയുറപ്പിക്കാന്‍ ഡോ.ആസാദ് മൂപ്പന്‍ എന്ന പേരിലൂടെ മാത്രം അദ്ദേഹത്തിന് സാധിച്ചു.  1987-ല്‍ സ്ഥാപിതമായ മിഡില്‍ ഈസ്റ്റിലെയും ഇന്ത്യയിലെയും ആരോഗ്യസംരക്ഷണ കമ്പനിയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും, മാനേജിങ് ഡയറക്ടറുമാണ് അദ്ദേഹം. കേരളത്തിലെ പ്രഗല്‍ഭനായ ഡോക്ടര്‍, പ്രമുഖ വ്യവസായായിയുമാണ് ഡോ. ആസാദ് മൂപ്പന്‍. മികച്ച സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതിനാല്‍ അദ്ദേഹത്തിന് പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. കൂടാതെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനുമാണ് അദ്ദേഹം.  ആരോഗ്യമേഖലയെ വികസിപ്പിക്കുന്നതിനുള്ള ഡോ.ആസാദ് മൂപ്പന്റെ യാത്ര അസാധാരണമായിരുന്നു.1987-ല്‍ ദുബായിലെ ഒരൊറ്റ ഡോക്ടര്‍ ക്ലിനിക്കില്‍ നിന്ന്, 33 വര്‍ഷംകൊണ്ട് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എട്ട്  രാജ്യങ്ങളിലായി 377 -ല്‍ പരം അത്യാധുനിക സൗകര്യങ്ങളുള്ള ഒരു ആഗോള ആരോഗ്യ സംഘടനയായി മാറിക്കഴിഞ്ഞു. 2020-ലെ കണക്കുകള്‍ പ്രകാരം രണ്ട് ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ മൊത്തം മൂല്യം.

ഡി എം എന്ന സ്വപ്‌നം
ഡോ. ആസാദ് മൂപ്പന്‍ എന്ന പേരിലെ മൂപ്പന്‍ സ്ഥാനത്തിന്റെ ചരിത്രം വില്യം ലോഗന്റെ മലബാര്‍ മാനുവലിലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ടിപ്പുവിന്റെ പടയോട്ടകാലത്ത് തന്നെ ഡോ.ആസാദ് മൂപ്പന്റെ പൂര്‍വികര്‍ ചരിത്രത്തില്‍ സ്ഥാനം നേടിയിരുന്നു.  അദ്ദേഹത്തിന്റെ പിതാവ് അഹമ്മദ് ഉണ്ണി മൂപ്പന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലും പങ്കെടുത്തിട്ടുണ്ട്.

1953-ല്‍ ഏപ്രില്‍ 15ന് മലപ്പുറം ജില്ലയിലെ കല്‍പ്പകഞ്ചേരിയിലാണ് ആസാദ് മൂപ്പന്റെ ജനനം.1978-ല്‍ കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്നും സ്വര്‍ണ മെഡല്‍ നേടിയാണ് അദ്ദേഹം എംബിബിഎസ് പാസായത്. അവിടെ തന്നെ ബിരുദാനന്തരബിരുദവും നേടി. തുടര്‍ന്ന് ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് കാര്‍ഡിയോളജിയില്‍ ബിരുദാനന്തര ബിരുദം ഡിപ്ലോമ എടുത്തു.1982-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ വിഭാഗം ലക്ചറായി കര്‍മ്മ മേഖല ആരംഭിച്ചു. കര്‍മ്മമേഖലയില്‍ ശോഭിച്ച അദ്ദേഹം 5 വര്‍ഷങ്ങള്‍ക്കുശേഷം 1987-ല്‍ ദുബായിലേക്ക് യാത്രതിരിച്ചു. ആ യാത്രയായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായി മാറിയത്.

ദുബായിലെ നൂതനവും വിശാലമായ സൗകര്യങ്ങളും അദ്ദേഹത്തെ പുതിയ ആശയങ്ങളിലേക്ക് എത്തിച്ചു. ആരോഗ്യമേഖല വികസിപ്പിക്കുന്നതിനുള്ള ഡോക്ടര്‍ ആസാദ് മൂപ്പന്റെ യാത്ര വളരെ അസാധാരണമായിരുന്നു.  ഏറെ വൈകാതെ ദുബായില്‍ അല്‍ഫാ പോളിക്ലിനിക് എന്ന സ്ഥാപനം ആരംഭിച്ചു. ഒരു പോളി ക്ലിനിക്കില്‍ നിന്ന് തുടങ്ങി ഇന്ന് ഇന്ത്യ ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലായി മുന്നൂറില്‍പ്പരം അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രികള്‍ നിലവിലുണ്ട്. ഡിഎം ഹെല്‍ത്ത് കെയര്‍ എന്ന സപ്ന സാമ്രാജ്യം അദ്ദേഹം വിവിധയിടങ്ങളിലായി ഇന്ന് കെട്ടിപ്പടുത്തു കഴിഞ്ഞു. പോളി ക്ലിനിക്കുകള്‍, മള്‍ട്ടി സ്‌പെഷാലിറ്റി ഹോസ്പിറ്റല്‍, സ്വകാര്യ മെഡിക്കല്‍ കോളേജ്, ഫാര്‍മസികള്‍ രോഗനിര്‍ണയ കേന്ദ്രങ്ങള്‍ എന്നിങ്ങനെ നീളുന്നു ഡോ.ആസാദ് മൂപ്പന്റെ ആരോഗ്യപരിപാലന ശൃംഖല. 

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഒരു സംയോജിത ആരോഗ്യ സേവന സ്ഥാപനമായി ഇന്ന് നിലകൊള്ളുന്നു.  ഇതിലൂടെ ഡോ. ആസാദ് മൂപ്പന്‍ ആരോഗ്യ സേവന മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചു. ആസ്റ്ററിലൂടെ ദശ ലക്ഷക്കണക്കിന് ആളുകള്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനോടൊപ്പം 14000-ല്‍ പരം ആളുകള്‍ക്ക് തൊഴിലവസരവും നല്‍കുന്നു. അതില്‍ തന്നെ 3000-ല്‍ പരം വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കുന്നു.

ഡോ.ആസാദ് മൂപ്പന്റെ കാല്‍നൂറ്റാണ്ടിന്റെ അധ്വാനത്തിന്റെ പ്രതിഫലനമാണ് ആസ്റ്റര്‍ എന്ന ബ്രാന്‍ഡ് നാമം. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഡിഎം ഹെല്‍ത്ത് കെയറിന് കീഴില്‍ ആസ്റ്റര്‍, മെഡ് കയര്‍ എന്നീ പേരുകളില്‍ യുഎഇ, ഒമാന്‍, സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ അറബ് രാജ്യങ്ങളിലും കോഴിക്കോട് മിംസ് ആശുപത്രി, വയനാട്ടിലെ ഡിഎം വിംസ് മെഡിക്കല്‍ കോളേജ്, 1500 കോടി മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന കൊച്ചിയിലെ ആസ്റ്റര്‍മെഡ്‌സിറ്റി, മഹാരാഷ്ട്രയിലും ഹരിയാനയിലും ഡിഎം മെഡിക്കല്‍ കോളേജുകളും നിലവിലുണ്ട്.  കൂടാതെ ക്രെഡെന്‍സ് സ്‌കൂള്‍ എന്ന പേരില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനവും ദുബായില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ ഫിലിപ്പീന്‍സ്, ബഹ്‌റൈന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലും പുതിയ സംരംഭങ്ങള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചിട്ടുണ്ട്.

അതേസമയം വയനാടിന്റെ ഒരുപാട് കാലത്തെ സ്വപ്നമായിരുന്നു എല്ലാ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ആശുപത്രി. അടിയന്തര വൈദ്യ സഹായം ലഭിക്കേണ്ടവര്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിനെയാണ് ആശ്രയിച്ചിരുന്നത്. ഇതു കാരണം ഒരുപാട് ജീവനുകള്‍ കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടയില്‍ റോഡില്‍ വച്ച് തന്നെ പൊലിഞ്ഞുപോയി. ഇതിനു പരിഹാരമായി ഡോക്ടര്‍ ആസാദ് മൂപ്പന്‍ ഡിഎം വിംസ് എന്ന സ്വകാര്യ മെഡിക്കല്‍ കോളേജ് വയനാടിന് സമര്‍പ്പിച്ചു. വയനാടിന്റെ സ്വകാര്യ അഹങ്കാരമാണ് ഡിഎം വിംസ് മെഡിക്കല്‍ കോളേജ്.

അതോടൊപ്പം ഡോ. ആസാദ് മൂപ്പന്‍ ഡി എം ഫൗണ്ടേഷന്‍ നിര്‍ധനരായ രോഗികള്‍ക്ക് മികച്ച ചികിത്സ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഡി എം ഫൗണ്ടേഷന്‍ ഗ്രാമപ്രദേശങ്ങളില്‍ തുടക്കംകുറിച്ച കമ്മ്യൂണിറ്റി ഡയാലിസിസ് സെന്ററുകള്‍  കുറഞ്ഞ ചെലവില്‍ ചികിത്സ സഹായം നല്‍കുന്നു.

ഡോ.ആസാദ് മൂപ്പന്‍ മൂല്യങ്ങളില്‍ കടുത്ത ദൈവ വിശ്വാസിയാണ്. അദ്ദേഹത്തിന്റെ ജോലിയും കുടുംബജീവിതവും സന്തുലിതമാണ്. നസീറ ആസാദ് ആണ് അദ്ദേഹത്തിന്റെ ഭാര്യ.അലീഷ മൂപ്പന്‍, സിബ മൂപ്പന്‍, സിഹാം മൂപ്പന്‍ എന്നിവരാണ് മക്കള്‍. അലീഷ മൂപ്പന്‍ ആസ്റ്റര്‍ ഡെപ്യൂട്ടി എംഡി ആണ്.

അവാര്‍ഡുകളും അംഗീകാരങ്ങളും
ഡോ. ആസാദ് മൂപ്പന്‍ സാമൂഹ്യ ആരോഗ്യ രംഗത്തെ മികച്ച സേവനങ്ങള്‍ക്ക് ഒരുപാട് അവാര്‍ഡുകളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.2011-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് പത്മശ്രീ നല്‍കി ആദരിച്ചു. പ്രവാസി ഭാരതീയ സമന്‍  (2010), കേരള സര്‍ക്കാരിന്റെ മികച്ച ഡോക്ടര്‍ അവാര്‍ഡ്  (2009), യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ദുബായ് സര്‍ക്കാര്‍ നല്‍കുന്ന ദുബായ് സര്‍വീസ് എക്‌സലന്‍സ് അവാര്‍ഡ് (2004), ഗള്‍ഫ് ഇന്ത്യന്‍ നേതൃത്വ ഉച്ചകോടിയില്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് (2018) എന്നിങ്ങനെ നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

WRITTEN BY DRISHYA B NAIR

ടോയ്‌ലറ്റ് പേപ്പറിന് പരിധി നിശ്ചയിച്ച് കോൾസ്

Metrom Australia Feb. 1, 2021 BUSINESS

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ: വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ എല്ലാ സ്റ്റോറുകളിലും  ടോയ്ലറ്റ് പേപ്പറിന് നിയന്ത്രണം വെച്ച് പ്രമുഖ വ്യാപാര ശൃംഖലയായ കോള്‍സ്. ഒരാള്‍ക്ക് ഒരു പായ്‌ക്കെന്ന വാങ്ങല്‍ പരിധിയാണ് വെച്ചിട്ടുള്ളത്. കൂടാതെ പാല്‍, ഹാന്‍ഡ് സാനിറ്റൈസര്‍, , ടിഷ്യുകള്‍ എന്നിവ ഒരാള്‍ക്ക്   രണ്ട് പായ്ക്ക് ലഭിക്കും. പ്രധാന ഇനങ്ങളുടെ ആവശ്യകത നിയന്ത്രിക്കാന്‍ സഹായിക്കുന്നതിന് വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ എല്ലാ കോള്‍സ് സൂപ്പര്‍മാര്‍ക്കറ്റുകളിലും കോള്‍സ് എക്‌സ്പ്രസ് സ്റ്റോറുകളിലും ഇപ്പോള്‍ പരിധികള്‍ നിലവിലുണ്ടെന്ന് ഉപയോക്താക്കള്‍ക്കുള്ള അപ്ഡേറ്റില്‍ കോള്‍സ് വ്യക്തമാക്കി. പെര്‍ത്ത്, പീല്‍, സൗത്ത് വെസ്റ്റ് മേഖലകളിലെ സ്റ്റോറുകളില്‍ ഫെയ്‌സ് മാസ്‌കുകള്‍ ധരിക്കേണ്ടതുണ്ട്. ഇവിടുത്തെ  സ്റ്റോറുകളില്‍ കോള്‍സ് മെച്ചപ്പെട്ട സുരക്ഷയും ശുചിത്വ നടപടികളും നടപ്പിലാക്കിയിട്ടുണ്ട്.

നൊവവാക്‌സ് വാക്‌സിന്‍ 89.3 ശതമാനം ഫലപ്രദം

Metrom Australia Jan. 30, 2021 BUSINESS

കോവിഡിനെതിരെയുള്ള നൊവവാക്സ് വാക്സിന്‍ 89.3 ശതമാനം ഫലപ്രദമെന്ന് പരീക്ഷണങ്ങളില്‍ തെളിഞ്ഞതായി കമ്പനി വെളിപ്പെടുത്തി. അതിവേഗം വ്യാപിക്കുന്ന യുകെ കൊറോണ വൈറസിന്റെ വകഭേദത്തിനെതിരെയും നൊവവാക്സ് ഫലപ്രദമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. യുകെയില്‍ നടത്തിയ പരീക്ഷണങ്ങളിലാണ് വാക്സിന്റെ ഫലപ്രാപ്തി വ്യക്തമായത്. അതേസമയം ദക്ഷിണാഫ്രിക്കന്‍ കോവിഡ് വകഭേദത്തിനെതിരെ വാക്സിന്‍ 60 ശതമാനമാണ് വാക്സിന്റെ ഫലപ്രാപ്തി. ഓസ്്ട്രേലിയയില്‍ വാങ്ങാനായി കരാര്‍ ഒപ്പുവെച്ചിരിക്കുന്ന വാക്സിനുകളില്‍ ഒന്നാണിത്. ഓസ്ട്രേലിയ കരാര്‍ ഒപ്പുവെച്ചിട്ടുള്ള ഫൈസര്‍, ആസ്ട്രസെനക്ക എന്നീ വാക്സിനുകള്‍ ഫലപ്രദമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.