ബിബിസി വേൾഡ് ന്യൂസിന് വിലക്കേർപ്പെടുത്തി ചൈന

Metrom Australia Feb. 13, 2021 BUSINESS

ബീജിങ്: ചൈന ഗ്ലോബല്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് നിരോധിച്ച ബ്രിട്ടീഷ് സര്‍ക്കാര്‍ നടപടിയില്‍ ബിബിസി വേള്‍ഡ് ന്യൂസിന് വിലക്കേര്‍പ്പെടുത്തിയാണ് ചൈന തിരിച്ചടിച്ചത്. ചൈനീസ് താത്പര്യങ്ങളെയും ദേശീയ അഖണ്ഡതയെയും ബിബിസി ഗുരുതരമായി ലംഘിച്ചെന്ന് ചൈനീസ് അധികൃതര്‍ ആരോപിച്ചു. എന്നാല്‍ ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും ഭയമോ ചായ്വോ കൂടാതെ തീര്‍ത്തും നിഷ്പക്ഷമായാണ് തങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ന് ബിബിസി പ്രതികരിച്ചു.

കോവിഡ് മഹാമാരിയിലും ഉയിഗുര്‍ മുസ്ലിംകള്‍ക്കെതിരെയുള്ള വംശീയ ആക്രമണങ്ങളിലും ഈയിടെ ചൈനീസ് ഭരണകൂടത്തെ ചൊടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ ബിബിസി പുറത്തുവിട്ടിരുന്നു. ഈ മാസം ആദ്യമാണ് ചൈനീസ് ഗ്ലോബല്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്കിന്റെ പ്രക്ഷേപണ ലൈസന്‍സ് ബ്രിട്ടന്‍ റദ്ദാക്കിയിരുന്നത്. ഹോങ്കോങ് ജനാധിപത്യ പ്രക്ഷോഭവുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്തകളെ തുടര്‍ന്നായിരുന്നു നടപടി.

ഓസ്‌ട്രേലിയയിലേക്ക് സര്‍വീസ് റദ്ദാക്കി ഹോങ്കോംഗ് വിമാനക്കമ്പനി

Metrom Australia Feb. 12, 2021 BUSINESS

സിഡ്നി ഒഴികെ ഓസ്ട്രേലിയയിലേക്കുള്ള എല്ലാ വിമാനങ്ങളും താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായി ഹോങ്കോംഗ് വിമാനക്കമ്പനിയായ Cathay Pacific Airwsays അറിയിച്ചു.ഫെബ്രുവരി 20 ശനിയാഴ്ച മുതല്‍ ബ്രിസ്‌ബെയ്ന്‍, മെല്‍ബണ്‍, പെര്‍ത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ മാസാവസാനം വരെ നിര്‍ത്തിവയ്ക്കുന്നതാണ്.

ഹോങ്കോംഗ്   സര്‍ക്കാരിന്റെ ഏറ്റവും പുതിയ പ്രഖ്യാപനം കണക്കിലെടുത്ത്, 2021 ഫെബ്രുവരി 20 മുതല്‍ ഹോങ്കോംഗ് ആസ്ഥാനമായുള്ള പൈലറ്റുമാരും ക്യാബിന്‍ ക്രൂവും ഹോങ്കോങ്ങിലേക്ക് മടങ്ങുമ്പോള്‍ 14 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനും 7 ദിവസത്തെ മെഡിക്കല്‍ നിരീക്ഷണവും നടത്തേണ്ടതുണ്ട്. അതിനാലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന്  ഹോങ്കോംഗ് എയര്‍ലൈന്‍ വ്യക്തമാക്കി. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഓസ്ട്രേലിയക്കാരുടെ  യാത്രാ പദ്ധതികള്‍ തകര്‍ക്കുന്ന പ്രസ്താവനയാണിത്. 

മെല്‍ബണില്‍ ക്വാറന്റൈന്‍ ഹോട്ടലായ ഹോളിഡേ ഇന്‍ അടച്ചു

Metrom Australia Feb. 10, 2021 GOVERNMENT , BUSINESS

മെൽബണിൽ വീണ്ടും കോവിഡ് ബാധ കണ്ടെത്തിയ ക്വറന്റൈൻ ഹോട്ടലായ
ഹോളിഡേ ഇൻ അടച്ചിട്ടു. ഇവിടെ നിന്ന് താമസക്കാരെ ഒഴിപ്പിച്ചു. ഒരു അറിയിപ്പ് ലഭിക്കുന്നത് വരെ ഹോട്ടൽ അടച്ചിടുമെന്നും ഇവിടെ കഴിഞ്ഞിരുന്ന 48 പേരെ പുൾമാൻ ഹോട്ടലിലേക്ക് മാറ്റുമെന്നും ക്വാറന്റൈൻ ഹോട്ടലുകളുടെ ഉത്തരവാദിത്വമുള്ള കോവിഡ്-19 ക്വാറന്റൈൻ വിക്ടോറിയയുടെ വക്താവ് അറിയിച്ചു. ഹോട്ടൽ വൃത്തിയാക്കാനും, രോഗബാധിതരുമായി സമ്പർക്കത്തിലായവരെ കണ്ടെത്തി അന്വേഷണം നടത്താനുമാണ് ഇവിടെ നിന്ന് താമസക്കാരെ ഒഴിപ്പിച്ചത്.

ഇവിടെ  ഒരാഴ്ചക്കിടെ നാല് പേർക്കാണ് കോവിഡ് ബാധ കണ്ടെത്തിയത്. വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം ഇവിടെ ക്വാറന്റൈനിൽ കഴിഞ്ഞ ഒരാൾക്കും, ഹോളിഡേ ഇൻ ഹോട്ടലിലെ ഒരു ജീവനക്കാരനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കൂടാതെ രോഗം ബാധിച്ച മറ്റ് രണ്ട് പേരിൽ ഒരാൾക്ക് യു കെ സ്ട്രെയിനും കണ്ടെത്തിയിരുന്നു.

അതേസമയം ഇവിടുത്തെ 135 ജീവനക്കാരെ ജോലിയിൽ നിന്ന് മാറ്റി നിർത്തുകയും ഇവരോട് 14 ദിവസം വീടുകളിൽ ഐസൊലേറ്റ് ചെയ്യാനും ആവശ്യപ്പെട്ടതോടെ ഹോട്ടലിലെ 220 ജീവനക്കാരാണ് ഐസൊലേറ്റ് ചെയ്യുന്നത്. ജനുവരി 27 നും ഫെബ്രുവരി ഒമ്പതിനുമിടയിൽ ഈ ഹോട്ടലിൽ 15 മിനിറ്റിൽ കൂടുതൽ സമയം ചിലവഴിച്ച ജീവനക്കാരെയും താമസക്കാരെയും വൈറസ്‌ബാധിതരുമായി അടുത്ത് സമ്പർക്കം പുലർത്തിയാവാരുടെ പട്ടികയിലാണ്. അതിനാൽ പരിശോധനക്കായി ആളുകൾ മുൻപോട്ടു വരണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ്: വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ അക്കൗണ്ട് പൂട്ടും: ഫേ‌സ്ബുക്ക്

Metrom Australia Feb. 9, 2021 BUSINESS

കൊറോണ വൈറസിനെക്കുറിച്ചും വാക്സിനെക്കുറിച്ചും വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഫേസ്ബുക്ക്.പതിവായി വ്യാജ വാര്‍ത്തകളും മറ്റ് വ്യാജ വിവരങ്ങളും പോസ്റ്റ് ചെയ്യുന്ന ഫേസ്ബുക്ക് ഗ്രൂപ്പുകളെ നിരോധിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വിശ്വസനീയമായ സ്രോതസുകളില്‍ നിന്നുള്ള കോവിഡ് വാര്‍ത്തകളും വിവരങ്ങളും കൂടുതല്‍ പ്രാധാന്യത്തോടെ നല്‍കാന്‍ നിലവില്‍ തന്നെ ഫേസ്ബുക്ക് നടപടിയെടുത്തിട്ടുണ്ട്. അതിനു പിന്നാലെയാണ് വ്യാജപ്രചാരണങ്ങള്‍ക്കെതിരെയുള്ള നടപടിയും ശക്തമാക്കാനുള്ള തീരുമാനം.

കൊറോണവൈറസിനെക്കുറിച്ചും വാക്സിനെക്കുറിച്ചുമൊക്കെയുള്ള 'യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുന്നു' എന്ന പേരില്‍ നടത്തുന്ന പ്രചാരണങ്ങളെയും ഫേസ്ബുക്ക് ലക്ഷ്യമിടുന്നുണ്ട്. ഇത്തരം പ്രചാരണങ്ങള്‍ പതിവാക്കിയിട്ടുള്ള അക്കൗണ്ടുകളെയും പേജുകളെയും ഗ്രൂപ്പുകളെയും ഫേസ്ബുക്കില്‍ നിന്ന് പുറത്താക്കുന്നതാണ്. കോവിഡ് വാക്സിനെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങള്‍ നീക്കം ചെയ്യുമെന്ന് ഡിസംബറില്‍ തന്നെ ഫേസ്ബുക്ക് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നിരവധി പേജുകളിലും ഗ്രൂപ്പുകളിലും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലും വ്യാജ പ്രചാരണങ്ങള്‍ ഇപ്പോഴും സജീവമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.


 

ഓസ്ട്രേലിയയിലെ ഹ്യൂണ്ടായി ടക്സൻ കാറുകൾ തിരികെ വിളിച്ചു

Metrom Australia Feb. 5, 2021 BUSINESS

ഓസ്ട്രേലിയയിലെ ഒരു ലക്ഷത്തോളം ഹ്യൂണ്ടായി ടക്സൻ കാറുകൾ തിരികെ വിളിച്ചു. നിർമ്മാണത്തിലെ തകരാറു മൂലം എഞ്ചിന് തീ പിടിക്കുമെന്ന ആശങ്കയിലാണ് നടപടി. 2015 മുതൽ 2021 വരെ പുറത്തിറക്കിയ മോഡലുകളിലാണ് ഈ ആശങ്കയുള്ളത്. ആറു വർഷം വരെ പഴക്കമുള്ള ഹ്യൂണ്ടായി ടക്സൻ മോഡൽ കാറുകളാണ് തിരികെ വിളിക്കാൻ ഓസ്ട്രേലിയൻ കോംപറ്റീഷൻ ആന്റ് കൺസ്യൂമർ കമ്മീഷൻ (ACCC) നിർദ്ദേശിച്ചത്. ആകെ 93,572ലേറെ കാറുകൾക്ക് ഈ പ്രശ്നമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

കാറിലെ ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റത്തിന്റെ (ABS) ഇലക്ട്രോണിക് സർക്യൂട്ട് ബോർഡിലാണ് തകരാറ്. ഈ ബോർഡിൽ ജലാംശമുണ്ടായാൽ ഷോർട്ട് സർക്യൂട്ടിന് സാധ്യതയുണ്ടെന്ന് ACCC ചൂണ്ടിക്കാട്ടി. ഇത് എഞ്ചിൻ കംപാർട്ട്മെന്റിൽ തീപിടിത്തത്തിന് കാരണമാകാം. കാറിന്റെ എഞ്ചിൻ ഓഫ് ചെയ്തിരിക്കുമ്പോൾ പോലും അപകടസാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പ്. ഈ ഇലക്ട്രോണിക് സർക്യൂട്ട് ബോർഡിൽ എപ്പോഴും ബാറ്ററി ഊർജ്ജം ഉള്ളതിനാലാണ് അത്. വാഹനം അപകടത്തിൽപ്പെടാനോ, തീപിടിത്തമുണ്ടായി ഗുരുതരമായ പരുക്കോ മരണമോ തന്നെ സംഭവിക്കാനോ സാധ്യതയുണ്ട് എന്നാണ് ACCC ചൂണ്ടിക്കാട്ടിയത്. വാഹനത്തിന്റെ ABS സര്ക്യൂട്ട് ബോർഡിൽ ഒരു റിലേ കിറ്റ് ഘടിപ്പിക്കുക വഴി ഷോർട്ട് സർക്യൂട്ട് ഒഴിവാക്കാനാകുമെന്ന് ACCC അറിയിച്ചു. ഇതിനായി വാഹനങ്ങളുടെ ഉടമകളെ ഹ്യൂണ്ടായി കമ്പനി നേരിട്ട് ബന്ധപ്പെടുകയും, തൊട്ടടുത്തുള്ള ഡീലറുടെ അടുത്തേക്ക് കാർ തിരിച്ചെത്തിക്കാൻ നിർദ്ദേശിക്കുകയും ചെയ്യും. സൗജന്യമായിട്ടായിരിക്കും ഇത് ചെയ്യുക. അതേസമയം വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ (VIN) ഉപയോഗിച്ച് ഈ വാഹനങ്ങൾ തിരിച്ചറിയാവുന്നതാണ്.

അതേസമയം ഈ വാഹനങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യണം എന്നാണ് ഉടമകൾക്ക് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. തീപിടിത്ത സാധ്യതയുള്ള വസ്തുക്കൾക്കൊ കെട്ടിടങ്ങൾക്കോ സമീപം പാർക്ക് ചെയ്യരുത്. ഗാരേജിനുള്ളിലും പാർക്ക് ചെയ്യരുത് എന്നാണ് നിർദ്ദേശം.