ഓസ്‌ട്രേലിയയില്‍ പഴ-പച്ചക്കറികളുടെ വില 29% വരെ വര്‍ധിക്കും

Metrom Australia March 5, 2021 GOVERNMENT , BUSINESS

ഓസ്ട്രേലിയയില്‍ വിദേശ തൊഴിലാളികളുടെ ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ പഴങ്ങളുടേയും പച്ചക്കറികളുടേയും വിലയില്‍ 29 ശതമാനം വരെ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍ വിഭാഗം ABARES ന്റെ റിപ്പോര്‍ട്ട്. രാജ്യത്തെ കാര്‍ഷിക രംഗത്ത് വരുന്ന മാറ്റങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ഫെഡറല്‍ സര്‍ക്കാര്‍ വിഭാഗമാണ് ABARES. ഈ വര്‍ഷം കര്‍ഷകരുടെ ഉത്പാദനശേഷിയില്‍ ഗണ്യമായ കുറവുണ്ടാകുന്നതാണ്. എന്നാല്‍ പഴ വര്‍ഗങ്ങളുടെ ഉത്പാദനത്തില്‍ 17 ശതമാനം ഇടിവാണ് ABARES പ്രതീക്ഷിക്കുന്നത്. പച്ചക്കറികളുടെ ഉത്പാദനം രണ്ട് ശതമാനം കുറയുമെന്നാണ് കണക്കുകള്‍. 

കൊറോണക്കാലത്ത് ഓസ്ട്രേലിയന്‍ അതിര്‍ത്തികള്‍ കൂടുതല്‍ കാലം അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത് വിലക്കയറ്റത്തിനുള്ള പ്രധാന കാരണമായി വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇക്കാരണത്താല്‍ പച്ചക്കറികളുടെയും പഴ വര്‍ഗങ്ങളുടേയും വില 2022 വരെ ഉയര്‍ന്ന നിലയില്‍ നില്‍ക്കുമെന്നാണ് കണക്കുകൂട്ടല്‍. മുന്‍പ് പഴങ്ങളുടെയും പച്ചക്കറികളുടെയും വില കൂടിയ സാഹചര്യങ്ങളില്‍ ഓസ്ടേലിയന്‍ ഉപഭോക്താക്കള്‍ ഈ ഉത്പന്നങ്ങള്‍ ഒഴിവാക്കിയിരുന്നില്ല എന്നാണ് വിദഗ്ധരുടെ നിരീക്ഷണം. 
 കൃഷിയിടങ്ങളില്‍ ബാക്ക്പാകേര്‍സ് ഉള്‍പ്പെടെയുള്ള വിദേശ തൊഴിലാളികള്‍ തിരിച്ചെത്തുന്നത് വരെ വില ഉയര്‍ന്ന് നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. 
 
വിദേശ തൊഴിലാളികളുടെ കുറവ് പരിഹരിക്കാനായി ഉള്‍നാടന്‍ മേഖലയിലേക്ക് ജോലിക്കായി പോകുന്നവര്‍ക്ക് ഫെഡറല്‍ സര്‍ക്കാരിന്റെ റീലൊക്കേഷന്‍ പാക്കേജ് ലഭ്യമാണ്. 6000 ഡോളര്‍ സഹായം ഇതിലൂടെയും  വിക്ടോറിയന്‍ സര്‍ക്കാര്‍ 2500 ഡോളര്‍ സഹായമായി പ്രഖ്യാപിച്ചിട്ടുണ്ട്. 

കോവിഡ് റഷ്യൻ സ്‌ട്രെയിൻ: ബ്രിസ്‌ബൈനിൽ വിദേശത്ത് നിന്നെത്തിയവരുടെ ക്വാറന്റൈൻ കാലാവധി നീട്ടി

Metrom Australia March 3, 2021 BUSINESS

കൊറോണവൈറസ് റഷ്യന്‍ സ്ട്രെയിന്‍ സ്ഥിരീകരിച്ചതിന് പിന്നാലെ ക്വീന്‍സ്ലാന്റിലെത്തിയ യാത്രക്കാരുടെ ക്വാറന്റൈന്‍ കാലാവധി നീട്ടി. ക്വാറന്റൈന്‍ കാലാവധിയുടെ അവസാന ദിവസങ്ങളിലാണ് പലര്‍ക്കും രോഗബാധ സ്ഥിരീകരിച്ചതെന്ന് അധികൃതര്‍ കത്തിലൂടെ യാത്രക്കാരെ അറിയിച്ചു.  ഇതേതുടര്‍ന്ന് ഇവര്‍ അഞ്ച് ദിവസം കൂടുതല്‍ അതായത് മാര്‍ച്ച് എട്ട് വരെ ക്വാറന്റൈന്‍ ചെയ്യാനാണ് നിര്‍ദ്ദേശം. എന്നാല്‍ ക്വാറന്റൈനില്‍ അധിക ദിവസം കഴിയേണ്ടിവരുന്നവരുടെ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

ദോഹയില്‍ നിന്ന് ഫെബ്രുവരി 17ന്  ബ്രിസ്ബൈനില്‍ എത്തിയ ഖത്തര്‍ എയര്‍വെയ്സ് വിമാനം QR898 ലെ നിരവധി പേരില്‍ കൊവിഡ് ബാധ കണ്ടെത്തിയതായി മെട്രോ നോര്‍ത്ത് ഹോസ്പിറ്റല്‍ ആന്‍ഡ് ഹെല്‍ത് സര്‍വീസ് അധികൃതര്‍ പറഞ്ഞു. ഇതുവരെ രണ്ട് യാത്രക്കാരിലാണ് റഷ്യന്‍ സ്ട്രെയിന്‍ (B.1.1.317)  സ്ഥിരീകരിച്ചിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ മൂന്നാമതൊരു യാത്രക്കാരനില്‍ രോഗബാധ സ്ഥിരീകരിച്ചതായി അധികൃതര്‍ പറഞ്ഞു.  ഇത് റഷ്യന്‍ സ്ട്രെയിന്‍ ആണോ എന്ന് പരിശോധിച്ച് വരികയാണ്. രൂപമാറ്റം വന്ന ഈ കൊറോണവൈറസ് സ്ട്രെയിന്‍ അപകടകരമായ സ്ട്രെയിന്‍ ആണോ എന്നതിനെക്കുറിച്ച് ആവശ്യത്തിന് വിവരങ്ങള്‍ ലഭ്യമല്ല എന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇതോടെ 74 യാത്രക്കാര്‍ക്കും കൂടാതെ വിമാനത്തിലെ സ്റ്റാഫിനും കൂടുതല്‍ പരിശോധനകള്‍ക്കും വിധേയരാകേണ്ടിവരുമെന്ന് ക്വീന്‍സ്ലാന്റ് ആരോഗ്യ വകുപ്പ് വിശദമാക്കി.

അതേസമയം ബ്രിസ്ബൈനില്‍ നിന്ന് ഈ വിമാനം ന്യൂസിലാന്റിലേക്കാണ് തിരിച്ചത്. പുതിയ സ്ട്രെയിന്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ന്യൂസിലാന്റ് അധികൃതര്‍ക്ക് കൈമാറിയതായി പറഞ്ഞു. 
ഈ വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ക്ക് ന്യൂസിലാന്റില്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
 

വാര്‍ത്തകള്‍ക്ക് ഗൂഗിള്‍ പണം നല്‍കണം; കത്തെഴുതി ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി

Metrom Australia Feb. 26, 2021 BUSINESS

ന്യൂഡല്‍ഹി: ഗൂഗിള്‍ ഇന്ത്യന്‍ പത്രങ്ങള്‍ക്ക് തക്കതായ പ്രതിഫലം നല്‍കണമെന്ന് ന്യൂസ് പേപ്പര്‍ സൊസൈറ്റി. ഇതു സംബന്ധിച്ച് ഐ.എന്‍.എസ് ഗൂഗിളിന് കത്തെഴുതി. ഗൂഗിള്‍ ഇന്ത്യ കണ്‍ട്രി മാനേജര്‍ സഞ്ജയ് ഗുപ്തക്ക് ഐ.എന്‍.എസ് പ്രസിഡന്റ് ആദിമൂലമാണ് കത്തയച്ചത്. പത്രങ്ങളുടെ ഉള്ളടക്കം ഉപയോഗിച്ചാണ് ഗൂഗിളിന് ഇന്ത്യയില്‍ പറയത്തക്ക ഒരു വിശ്വാസ്യതയുണ്ടായതെന്നും അതുകൊണ്ട് തന്നെ അതില്‍ നിന്നും ലഭിക്കുന്ന പരസ്യവരുമാനം നീതിയുക്തമായ രീതിയില്‍ ഗൂഗിള്‍ ഇന്ത്യയിലെ പത്രസ്ഥാപനങ്ങള്‍ക്ക് പണം നല്‍കണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടു.

വന്‍തോതില്‍ പണം ചിലവഴിച്ച് ആയിരക്കണക്കിന് ജേര്‍ണലിസ്റ്റുകളുടെ സേവനം പ്രയോജനപ്പെടുത്തിയാണ് പത്രങ്ങള്‍ വാര്‍ത്തകള്‍ ശേഖരിക്കുന്നത്. ഈ ഉള്ളടക്കം പങ്കുവെക്കുന്നതിലൂടെ ലഭിക്കുന്ന പരസ്യ വരുമാനത്തില്‍ പ്രസാധകര്‍ക്കുള്ള വിഹിതം 85 ശതമാനമായി ഉയര്‍ത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. കൂടാതെ വിശ്വസനീയമായ ഇടങ്ങളില്‍ നിന്ന് മാത്രം വാര്‍ത്തകള്‍ സ്വീകരിച്ച് വാര്‍ത്തയുടെ ആധികാരികത ഉറപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിന് പുറമേ പരസ്യവരുമാനത്തെ സംബന്ധിച്ചും ഗൂഗിള്‍ സുതാര്യത പുലര്‍ത്തണമെന്നും ഐ.എന്‍.എസ് പറയുന്നു.  ഫ്രാന്‍സ്, യൂറോപ്യന്‍ യൂണിയന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ പത്രസ്ഥാപനങ്ങളിള്‍ക്ക് ഇത്തരത്തില്‍ അര്‍ഹമായ പ്രതിഫലം നല്‍കാന്‍ ഗൂഗിള്‍ നേരത്തെ തയ്യാറായിരുന്നു.
 

സിഡ്‌നിയില്‍ മയക്കുമരുന്ന് വേട്ട; ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു

Metrom Australia Feb. 25, 2021 BUSINESS

സിഡ്‌നിയിൽ  മൂന്ന് മില്യൺ ഡോളറിന്റെ കഞ്ചാവ് കടത്താൻ ശ്രമിച്ച 25കാരനായ ഇന്ത്യക്കാരനെതിരെ പൊലീസ് കേസെടുത്തു. സിഡ്‌നിയിലെ മാറുലാനിലുള്ള ഹെവി വെഹിക്കിൾ വേ സ്റ്റേഷനിലാണ് ട്രക്കിനുള്ളിൽ സൂക്ഷിച്ച 127 കിലോഗ്രാം കഞ്ചാവുമായി ഒരു ഇന്ത്യക്കാരനെ പൊലീസ് പിടികൂടിയത്. 

വായു കടക്കാത്ത ബാഗുകളിൽ ഒളിപ്പിച്ച നിലയിൽ എട്ട് ബോക്സുകളിലായാണ് കഞ്ചാവ് കണ്ടെത്തിയത്. സ്ട്രൈക്ക് ഫോഴ്‌സ് റാപ്റ്റർ ഓപ്പറേഷന്റെ ഭാഗമായാണ് ഇവിടെ എത്തിയ ട്രക്ക് ചൊവ്വാഴ്ച വൈകിട്ട് അധികൃതർ പരിശോധിച്ചത്. സംഭവത്തിൽ വടക്കൻ സിഡ്‌നിയിലുള്ള 25 കാരനായ ഇന്ത്യക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. നിരോധിച്ച മയക്കുമരുന്ന് വൻ തോതിൽ വിതരണം ചെയ്തു, അനധികൃതമായി ആയുധം കൈവശം വച്ചു, നിരോധിച്ച ചെടികൾ സൂക്ഷിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ പൊലീസ് ചുമത്തി. ഗോൽബൻ പ്രാദേശിക കോടതി ജാമ്യം നിഷേധിച്ചു.

അതേസമയം ഇയാളിൽ നിന്ന് മൂന്ന് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. തുടർന്ന് മെറിലാന്റ്സിലുള്ള ഇയാളുടെ വീട് പൊലീസ് പരിശോധിക്കുകയും ഇവിടെ നിന്ന് ജെൽ ബ്ലാസ്റ്റർ, സ്റ്റിറോയിഡുകൾ, പണം എന്നിവ പിടിച്ചെടുത്തു.

ഷിബു ലാലിന്റെ വിജയഗാഥ

Metrom Australia Feb. 13, 2021 BUSINESS

വിവരവിനിമയ സംവിധാനം എന്നത് ഇന്ത്യയില്‍ വ്യാപകമായി പ്രചരിക്കുന്ന സമയത്ത് സാങ്കേതിക രംഗത്തെ മികച്ച മാറ്റങ്ങള്‍ സൃഷ്ടിച്ച ഇന്‍ഫോസിസ് ഇന്ന് ആഗോള നിലവാരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് സഹസ്ഥാപകനാണ് എസ്.ഡി ഷിബുലാല്‍. ഇന്‍ഫോസിസിന്റെ ഏഴു സഹ സ്ഥാപകരിലൊരാളും, മാനേജിങ് ഡയറക്ടറും, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമാണ് എസ്.ഡി ഷിബുലാല്‍. സി.ഇ.ഒ, എം.ഡി എന്നീ സ്ഥാനങ്ങളില്‍ നിന്ന് 2014 ജൂലൈ 31 ന് അദ്ദേഹം സ്ഥാനമൊഴിഞ്ഞു. അദ്ദേഹം അറിയപ്പെടുന്ന ഒരു ഇന്ത്യന്‍ ബിസിനസ് എക്‌സിക്യൂട്ടീവുമാണ്.വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ എമര്‍ജിങ് മള്‍ട്ടിനാഷണലുകള്‍ക്കായുള്ള ഗ്ലോബല്‍ കൗണ്‍സില്‍ അംഗവും ഐ.ടി, ഐ.ടി.ഇ.എസ്.ഇ എന്നിവയ്ക്കുള്ള കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സി.ഐ.ഐ) ദേശീയ സമിതിയുടെ കോ-ചെയര്‍മാനുമാണ് അദ്ദേഹം. കേരളത്തിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി അക്കാദമിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണര്‍മാരുടെ ചെയര്‍മാനും ബോസ്റ്റണ്‍ സര്‍വകാലാശാലയിലെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗവുമാണ് എസ്.ഡി ഷിബുലാല്‍. കൂടാതെ മെട്രോപോളിറ്റന്‍ കോളേജിന്റെ ഉപദേശക സമിതിയിലും അദ്ദേഹം അംഗമാണ്. ഇന്റര്‍നാഷണല്‍ ബിസിനസ് ലീഡേഴ്സ് ഫോര്‍ത്തിന്റെ ലീഡേഴ്സ് കൗണ്‍സില്‍, ഗ്ലോബല്‍ കോര്‍പറേറ്റ് ഗവേണന്‍സ് ഫോര്‍ത്തിന്റെ പ്രൈവറ്റ് സെക്ടര്‍ അഡൈ്വസറി ഗ്രൂപ്പ്, സിയോള്‍ ഇന്റര്‍നാഷണല്‍ ബിസിനസ് അഡൈ്വസറി കൗണ്‍സില്‍ (സിബാക്ക്) എന്നിവയിലും അദ്ദേഹം അംഗമാണ്.

1955-ല്‍ ആലപ്പുഴ ജില്ലയില്‍ ദാമോദരന്റെയും സരോജിനിയുടെയും ഏക മകനായി എസ്.ഡി ഷിബുലാല്‍ ജനിച്ചു. പിതാവ് ദാമോദരന്‍ ആയുര്‍വേദ ഡോക്ടറും മാതാവ് സരോജിനി സംസ്ഥാന എക്‌സൈസ് വകുപ്പ് ജീവനക്കാരിയുമായിരുന്നു. ബാല്യകാലത്തെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ ' ഞാന്‍ ഏക മകനായിരുന്നു, ഞാന്‍ വീട്ടില്‍ തന്നെ തുടരാനും അധ്യാപന ജോലി ഏറ്റെടുക്കാനും എന്റെ മാതാപിതാക്കള്‍ ശരിക്കും ആഗ്രഹിച്ചിരുന്നു '. അദ്ദേഹം ആലപ്പുഴ ജില്ലയില്‍ തന്നെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളേജില്‍ ചേര്‍ന്ന് ബിരുദം പൂര്‍ത്തിയാക്കി. കേരളസര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ബോസ്റ്റണ്‍ സര്‍വകലാശാലയില്‍നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും ലഭിച്ചു. 1979-ല്‍ ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ആയി അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചു.

എസ്.ഡി ഷിബുലാല്‍ ഇന്‍ഫോസിസ് യാത്ര ആരംഭിച്ചത് 1981ലാണ്. 1981 ജൂലൈ 2 ന് ഇന്‍ഫോസിസ് കണ്‍സള്‍ട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തിയും, നന്ദന്‍ നിലേകനി, എന്‍എസ് രാഘവന്‍രാഘവന്‍, എസ് ഗോപാലകൃഷ്ണന്‍, കെ ദിനേശ്, അശോക അറോറ, ഷിബിന്‍ലാല്‍ എന്നിവര്‍ ചേര്‍ന്നു പട്‌നിയിലെ സോഫ്റ്റ്വെയര്‍ കമ്പനിയില്‍ നിന്ന് രാജി വെച്ച ശേഷം ഇന്‍ഫോസിസ് എന്ന സ്വപ്ന സാമ്രാജ്യം കെട്ടിപ്പടുത്തു. നിലവില്‍ സാങ്കേതികരംഗത്തെ മികച്ച നിലവാരം കാഴ്ചവെയ്ക്കാന്‍ ഇന്‍ഫോസിസിന് സാധിച്ചു. ഇന്‍ഫോസിസിന്റെ വിജയ യാത്രയില്‍ എസ്.ഡി ഷിബുലാല്‍ പ്രധാന പങ്കു വഹിച്ചു. അദ്ദേഹം പ്രൊജക്റ്റ് മാനേജ്‌മെന്റ് സംരംഭങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. തുടര്‍ന്ന് അമേരിക്കയിലെ ഗ്ലോബ് ഡെലിവറി മോഡലിന്റെ പരിണാമത്തിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു.

1991- ല്‍ ഇന്‍ഫോസിസ് വിട്ട് ഷിബുലാല്‍ അഞ്ചുവര്‍ഷത്തേക്ക് യുഎസിലെ മൈക്രോ സിസ്റ്റംസില്‍ ചേര്‍ന്നു. ഈ 5 വര്‍ഷത്തിനിടയില്‍ ആദ്യത്തെ ഇ - കൊമേഴ്‌സ് ആപ്ലിക്കേഷന്‍ രൂപകല്‍പ്പന ചെയ്തു.1997- ല്‍ അദ്ദേഹം ഇന്‍ഫോസിസിലേക്ക് തന്നെ മടങ്ങിയെത്തി. ഈ സമയത്ത് അദ്ദേഹം ആഗോള ബിസിനസ് കണ്‍സള്‍ട്ടിംഗ്, ലോകവ്യാപക സെയില്‍സ് ആന്‍ഡ് കസ്റ്റമര്‍ ഡെലിവറി മേധാവി, ഇന്‍ഫോസിസ് മാനുഫാക്ചറിംഗ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍, ഇന്റര്‍നെറ്റ് കണ്‍സള്‍ട്ടിംഗ് പ്രാക്ടീസ് മേധാവി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
2007 ജൂണ്‍ 22 ന് ക്രിസ് ഗോപാലകൃഷ്ണന്‍ ഇന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ആയി ചുമതലയേറ്റു. ഇന്‍ഫോസിസിനെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും അദ്ദേഹം ചേര്‍ന്നു. 2011 ഏപ്രില്‍ 21ന് ഇന്‍ഫോസിസ് കമ്പനിയുടെ പുതിയ സി ഇ ഒ യും മാനേജിങ് ഡയറക്ടറുമായി അദ്ദേഹത്തെ നിയമിച്ചതായി ഇന്‍ഫോസിസ് ബോര്‍ഡ് പ്രഖ്യാപിച്ചു. ചുമതലയേറ്റതോടെ അദ്ദേഹം ഇന്‍ഫോസിസ് 3.0 പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ പ്രവര്‍ത്തന കാലയളവില്‍ ഇന്‍ഫോസിസിനെ പുതിയ തലങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചു.2014 ഓഗസ്റ്റ് ഓടെ ഇന്‍ഫോസിസില്‍ നിന്ന് അദ്ദേഹം വിരമിച്ചു. യുവ സംരഭകര്‍ക്കായി 2014-ല്‍ അദ്ദേഹം ആക്‌സിലര്‍ വെന്‍ചേഴ്‌സ് സ്ഥാപിച്ചു.


കുടുംബം

കോളേജ് പഠനകാലത്താണ് എസ്.ഡി ഷിബുലാല്‍ ഭാര്യയായ കുമാരിയെ കാണുന്നത്.അദ്ദേഹത്തിന് രണ്ടു മക്കളാണ് മകള്‍ ശ്രുതിയും മകന്‍ ശ്രേയസും. ഷിബുലാല്‍, ഭാര്യ കുമാരി, മക്കള്‍ എന്നിവര്‍ക്ക് ഇന്‍ഫസിസിന്റെ 2.2 ശതമാനം ഓഹരിയുണ്ട്. അദ്ദേഹത്തിന്റെ മൊത്തം ആസ്തി 2019-ലെ കണക്കുകള്‍ പ്രകാരം 1.4 ബില്യണ്‍ ഡോളറാണ്.

WRITTEN BY DRISYA B NAIR