വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി കെ മാധവന്‍ നേതൃത്വം നല്‍കും

Metrom Australia April 14, 2021 BUSINESS , ART AND ENTERTAINMENT

ന്യൂഡല്‍ഹി: വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യയുടെ പ്രസിഡന്റായി കെ മാധവനെ തെരഞ്ഞെടുത്തു. ഡിസ്‌നി, സ്റ്റാര്‍, ഹോട്ട്സ്റ്റാര്‍ എന്നിവയിലൂടെ വിനോദം, കായികം, പ്രാദേശിക ചാനലുകള്‍ തുടങ്ങിയ മേഖലകളില്‍ വ്യാപിച്ചുകിടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാം ഇനി കെ മാധവന്‍ നേതൃത്വം നല്‍കും. ചാനല്‍ വിതരണത്തിന്റെയും പരസ്യങ്ങളുടെയും മേല്‍നോട്ടം, എട്ട് ഭാഷകളിലായി ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍, സ്‌പോര്‍ട്‌സ്, സിനിമകള്‍ എന്നിങ്ങനെ വിപുലമായ ഉള്ളടക്കം സൃഷ്ടിക്കുന്നതിന്റെ ചുമതല എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. എട്ട് ഭാഷകളിലായി കോടിക്കണക്കിന് പ്രേക്ഷകര്‍ ആസ്വദിക്കുന്ന വിപുലമായ വിനോദ ഉള്ളടക്കത്തിന്റെ ചുമതല ഇനി കെ മാധവന് ആയിരിക്കും. 

കെ. മാധവനെ വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യയുടെ പ്രസിഡന്റായി തെരഞ്ഞെടുത്ത വിവരം വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് ഡയറക്റ്റ്-ടു-കണ്‍സ്യൂമര്‍ ചെയര്‍മാന്‍ റെബേക്ക കാംപ്‌ബെല്‍ ആണ് പ്രഖ്യാപിച്ചത്. വാള്‍ട്ട് ഡിസ്‌നിയുടെ ഇന്ത്യാ ബിസിനസിനെ കെ മാധവന്‍ എങ്ങനെ നന്നായി കൈകാര്യം ചെയ്തുവെന്ന് നേരിട്ട് കണ്ടു. അത് കമ്പനിയുടെ ആഗോള, പ്രാദേശിക ഉയര്‍ച്ചയില്‍ നിര്‍ണായകമായി എന്നും റെബേക്ക ക്യാംപ്‌ബെല്‍ പറഞ്ഞു. അതേസമയം അവിശ്വസനീയമാംവിധം കഴിവുള്ള ടീമിനെ നയിക്കാനുള്ള അവസരം ലഭിച്ചതില്‍ അഭിമാനിക്കുന്നുവെന്നും ചാനലുകളെയും പരിപാടികളെയും കാഴ്ചക്കാര്‍ക്ക് കൂടുതല്‍ പ്രിയങ്കരമാക്കുകയാണ് ലക്ഷ്യമെന്നും കെ മാധവന്‍ പ്രതികരിച്ചു.

2019 മുതല്‍, സ്റ്റാര്‍ & ഡിസ്‌നി ഇന്ത്യയുടെ കണ്‍ട്രി മാനേജരായി സേവനമനുഷ്ഠിക്കുന്ന മാധവന്‍ കമ്പനിയുടെ ടെലിവിഷന്‍, സ്റ്റുഡിയോ ബിസിനസ്സിന്റെ മേല്‍നോട്ടം വഹിച്ചു. ഇപ്പോള്‍ ഇന്ത്യന്‍ ബ്രോഡ് കാസ്റ്റിംഗ് ഫൗണ്ടേഷന്റെ പ്രസിഡന്റായും സിഐഐയുടെ മീഡിയ & എന്റര്‍ടെയ്ന്‍മെന്റ് നാഷണല്‍ കമ്മിറ്റിയുടെ ചെയര്‍മാനായും കെ മാധവന്‍ പ്രവര്‍ത്തിക്കുന്നു.


 

സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ നിന്ന് എല്‍ജി പിന്‍വാങ്ങി

Metrom Australia April 5, 2021 BUSINESS

ദക്ഷിണ കൊറിയന്‍ ടെക് ഭീമന്മാരായ എല്‍ജി ഇലക്ട്രോണിക്‌സ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ നിന്നും പിന്‍വാങ്ങി. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ ശക്തമായ കിടമത്സരമാണ് എല്‍ജിയെ വിപണിയില്‍ നിന്നും പിന്‍വാങ്ങാന്‍ നിര്‍ബന്ധിപ്പിച്ചത്. പിന്‍വാങ്ങല്‍ തീരുമാനം ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചതോടെയാണ് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് എല്‍ജിയുടെ സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ ജോലി ചെയുന്ന 60 ശതമാനത്തോളം തൊഴിലാളികളെ കമ്ബനിയില്‍ തന്നെ മറ്റു വിഭാഗങ്ങളിലെക്ക് പുനര്‍നിയമനം നല്‍കും. ബാക്കി 40 ശതമാനത്തോളം വരുന്ന തൊഴിലാളികളെ 6ജി മൊബൈല്‍ ഫോണ്‍ കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട എല്‍ജിയുടെ ഭാവി പരിപാടികളില്‍ ഉള്‍ക്കൊള്ളിക്കും. മൊബൈല്‍ ഫോണ്‍ വിപണിയിലുള്ള എല്‍ജിയുടെ നിക്ഷേപങ്ങള്‍ ഇലക്ട്രിക്ക് വാഹങ്ങളുടെ ഘടകങ്ങള്‍ നിര്‍മ്മിക്കുന്നതിനും, കണക്ടഡ് ഡിവൈസ്, സ്മാര്‍ട്ട് ഹോംസ്, റോബോട്ടിക്സ്, നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്), ബിസിനസ്സ്-ടു-ബിസിനസ് തുടങ്ങിയ എല്‍ജിയ്ക്ക് പ്രാധിനിത്യം ഉള്ള മേഖലകളിലേക്കായി പുനര്‍വിന്യസിക്കും.

ന്യൂയോർക്ക് ഫെഡിന്റെ ഫസ്റ്റ് വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ

Metrom Australia March 10, 2021 BUSINESS

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ഫെഡറല്‍ റിസര്‍വ് ബാങ്കിന്റെ ഫസ്റ്റ് വൈസ് പ്രസിഡണ്ടായി ഇന്ത്യന്‍ വംശജ നൗറീന്‍ ഹസ്സന്‍. നൗറീന്റെ നിയമനത്തിന് ഫെഡറല്‍ റിസര്‍വ് സിസ്റ്റം ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സ് അനുമതി നല്‍കി. 'ഫസ്റ്റ് വൈസ് പ്രസിഡന്റ് എന്ന നിലയില്‍ ന്യൂയോര്‍ക്ക് ഫെഡിന്റെ രണ്ടാമത്തെ റാങ്കിങ് ഓഫീസറും ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയിലെ ഇതര വോട്ടിങ് അംഗവും ആയിരിക്കും നൗറീന്‍ ഹസ്സന്‍' എന്ന് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. മാര്‍ച്ച് 15 ന് ഇവര്‍ സ്ഥാനമേറ്റെടുക്കും. ധനകാര്യ മേഖലയില്‍ കാല്‍നൂറ്റാണ്ടിന്റെ പരിചയമ്പത്തുള്ള സാമ്പത്തിക വിദഗ്ധയാണ് ഇവര്‍. 

നൗറീന്‍ പ്രിന്‍സ്റ്റണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് ബി.എ.യും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മോര്‍ഗന്‍ സ്റ്റാന്‍ലി വെല്‍ത് മാനേജ്മെന്റിന്റെ ചീഫ് ഡിജിറ്റല്‍ ഓഫീസറായും ചാള്‍സ് ഷ്വാബ് കോര്‍പറേഷനില്‍ ഇന്‍വെസ്റ്റര്‍ സര്‍വീസസ് വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതേസമയം 'നൗറീന്റെ നേതൃപാടവവും, വൈവിധ്യമാര്‍ന്ന ടീമുകളെ വളര്‍ത്തിയെടുക്കുന്നതിനുള്ള ആഴത്തിലുള്ള പ്രതിബദ്ധതയും, വിപുലമായ സാങ്കേതിക - സാമ്പത്തിക പരിചയസമ്പന്നതയും ഒരു ബാങ്ക് ലീഡര്‍ എന്ന നിലയില്‍ അവളുടെ പങ്ക് നിര്‍ണായകമാക്കും'- ന്യൂയോര്‍ക്ക് ഫെഡ് പ്രസിഡണ്ട് ജോണ്‍ വില്യംസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
 

വന്‍ നഗരങ്ങളില്‍ നിന്ന് ഉള്‍നാടന്‍ പ്രദേശങ്ങൡലേക്ക് ഓസ്‌ട്രേലിയക്കാര്‍ ചേക്കേറുന്നു

Metrom Australia March 8, 2021 BUSINESS

ഓസ്ട്രേലിയയിലെ വന്‍ നഗരങ്ങളില്‍ നിന്ന് ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് താമസം മാറുന്നതില്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സെപ്റ്റംബര്‍ വരെയുള്ള ഓസ്ട്രേലിയന്‍ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ (ABS) കണക്കുകള്‍ പ്രകാരം ഓസ്ട്രേലിയയുടെ തലസ്ഥാന നഗരികളില്‍ നിന്ന് 11,000 പേരാണ് സ്ഥിരതാമസത്തിനായി ഉള്‍നാടന്‍ പ്രദേശം തെരഞ്ഞെടുത്തത്. അതേസമയം മറ്റ് സംസ്ഥാനങ്ങളെയും ടെറിറ്ററികളെയും അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ പേര്‍ സ്ഥിരതാമസത്തിനായി തെരഞ്ഞെടുത്തത് ക്വീന്‍സ്ലാന്റാണ്. ഏതാണ്ട് ഏഴായിരത്തിലധികം പേര്‍ സ്ഥിരതാമസത്തിനായി ക്വീന്‍സ്ലാന്റ് തെരഞ്ഞെടുത്തു. വീടുകളുടെ വിലയിലുള്ള കുറവും വ്യത്യസ്ത ജീവിത സാഹചര്യവും, തൊഴില്‍ സാധ്യതകളും കണക്കിലെടുത്താണ് ഈ മാറ്റമെന്ന് സീ ചേഞ്ച് കോച്ച് കാരോലൈന്‍ കാമറോണ്‍ ചൂണ്ടിക്കാട്ടി.  

ഓസ്‌ട്രേലിയന്‍ നിര്‍മ്മിത ആസ്ട്രസെനക്ക വാക്‌സിന്റെ വിതരണം മാര്‍ച്ചില്‍

Metrom Australia March 5, 2021 BUSINESS

ഓസ്ട്രേലിയയില്‍ നിര്‍മിക്കുന്ന ആസ്ട്രസെനക്ക വാക്സിന്‍ മാര്‍ച്ച് 22 മുതല്‍ രാജ്യത്ത് വിതരണം ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ബ്രെണ്ടന്‍ മര്‍ഫി അറിയിച്ചു. മരുന്ന് നിര്‍മാതാക്കളായ CSL കമ്പനിയാണ് ആസ്ട്രസെനക്ക വാക്‌സിന്‍ രാജ്യത്ത് നിര്‍മ്മിക്കുന്നത്. 50 മില്യണ്‍ ഡോസുകള്‍ ഓസ്ട്രേലിയയില്‍ തന്നെ നിര്‍മിക്കുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മാര്‍ച്ച് 22നും 29നുമിടയില്‍ എഴുപത് വയസ്സിനും എണ്‍പത് വയസ്സിനും മേല്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ നല്‍കി തുടങ്ങുമെന്ന് ബ്രെണ്ടന്‍ മര്‍ഫി പറഞ്ഞു. രാജ്യത്തെ 4,600 ലേറെ ജി പി ക്ലിനിക്കുകളിലേക്ക് വാക്സിന്‍ വിതരണം ചെയ്യുമെന്നും ഇതുവഴി ജനങ്ങള്‍ക്ക് അവരുടെ വീടിന് സമീപത്തു നിന്ന് തന്നെ വാക്സിന്‍ സ്വീകരിക്കാന്‍ കഴിയുമെന്നും മര്‍ഫി ചൂണ്ടിക്കാട്ടി.

അതേസമയം ഈ വാക്സിനാണ് താനും സ്വീകരിക്കാന്‍ പോകുന്നതെന്നും ഇതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്ത് വിദേശത്തുനിന്നെത്തിയ ആസ്ട്രസെനക്ക വാക്സിന്‍ വിതരണം വെള്ളിയാഴ്ച് തുടങ്ങി.