ഓസ്ട്രേലിയയിൽ വൈദ്യുത നിരക്ക് വർദ്ധിക്കുന്നു; ഉപഭോക്താക്കളെ വിതരണക്കമ്പനികള്‍ മാറാൻ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്

Metrom Australia June 5, 2022 BUSINESS

ഓസ്ട്രേലിയയിൽ വൈദ്യുതി വില അമിതമായി വർദ്ധിക്കുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളെ മറ്റു കമ്പനികളിലേക്ക് മാറാന്‍ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ട്. ReAmped Energy, LPE തുടങ്ങിയ വിതരണക്കമ്പനികൾ അടക്കമുള്ളവർ മെച്ചപ്പെട്ട നിരക്ക് ലഭിക്കുന്ന മറ്റ് കമ്പനികൾ തേടാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. 
Mojo Power, Discover Energy, Nectr തുടങ്ങിയ കമ്പനികൾ പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നത് താത്ക്കാലികമായി നിർത്തലാക്കിയിട്ടുമുണ്ട്.

ആഗോള തലത്തിലെ ഇന്ധനവിലക്കയറ്റം മൂലം രാജ്യത്തെ ഊർജ്ജ കമ്പനികൾ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. അതേസമയം 2021ലെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോൾ, ഊർജ്ജത്തിന് ഈ വർഷം 141 ശതമാനം വിലക്കയറ്റമാണ് കാണുന്നതെന്ന് ഓസ്‌ട്രേലിയൻ എനർജി മാർക്കറ്റ് റെഗുലേറ്റർ (AEMO) ചൂണ്ടിക്കാട്ടി. 2022/23ൽ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കേണ്ട നിരക്ക് എത്രയായിരിക്കണം എന്നത് സംബന്ധിച്ചുള്ള ഔദ്യോഗികൾ മാനദണ്ഡങ്ങൾ ഓസ്‌ട്രേലിയൻ എനർജി റെഗുലേറ്റർ പുറത്തുവിട്ടിട്ടുണ്ട്.
 
ഇത് പ്രകാരം ന്യൂ സൗത്ത് വെയിൽസിൽ  8.5 മുതൽ 18.3 ശതമാനം വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്.  സൗത്ത് ഓസ്‌ട്രേലിയയിൽ 9.5 ശതമാനവും തെക്ക് കിഴക്കൻ  ക്വീൻസ്ലാന്റിൽ 12.6 ശതമാനവും വിക്ടോറിയയിൽ അഞ്ച് ശതമാനവും കൂടാനാണ് സാധ്യത. എന്നാൽ വിതരണക്കമ്പനികൾക്ക് ഇതിൽ കുറഞ്ഞ നിരക്ക് ഈടാക്കാൻ അനുവാദമുണ്ട്. 

അതേസമയം കൂടിയ നിരക്കിൽ വൻകിട കമ്പനികളിൽ നിന്ന് ഊർജ്ജം വാങ്ങിക്കേണ്ടി വരുന്ന ചെറുകിട വിതരണക്കാരെയാണ് ഇത് കൂടുതൽ ബാധിച്ചിരിക്കുന്നത്. കൂടാതെ ഓസ്‌ട്രേലിയ ഉത്പ്പാദിപ്പിക്കുന്ന ഭൂരിഭാഗം വാതകവും (ഗ്യാസ്) കയറ്റുമതിക്കായാണ് ഉപയോഗിക്കുന്നത്. ഇക്കാരണത്താൽ ആഗോളതലത്തിലുള്ള വിലക്കയറ്റം ഓസ്‌ട്രേലിയൻ വിപണിയെയും സാരമായി തന്നെ ബാധിക്കും. വാതകത്തിന്റെ വിലകൂടുമ്പോൾ ഊർജ്ജ നിരക്കും കൂട്ടേണ്ടി വരുന്നതായാണ് വിദഗ്ദ്ധരുടെ നിരീക്ഷണം. റഷ്യ - യുക്രൈൻ പ്രതിസന്ധിയും കാര്യമായി ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.

ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളം നിർമ്മിക്കാൻ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്

Metrom Australia June 4, 2022 BUSINESS

ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളം നിർമ്മിക്കാൻ കരാർ ഏറ്റെടുത്തിരിക്കയാണ് ടാറ്റ ഗ്രൂപ്പ്. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ജെവാറിൽ വരാനിരിക്കുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിക്കാനുള്ള കരാറാണ് ടാറ്റ ഗ്രൂപ്പിന്റെ ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ വിഭാഗം ഏറ്റെടുത്തതെന്നാണ് സൂചനകൾ.   

1,334 ഹെക്ടര്‍ സ്ഥലത്ത് ഒരുങ്ങുന്ന  വിമാനത്താവള നിർമ്മാണ കരാറിൽ ടാറ്റ ഗ്രൂപ്പും യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായാണ് ഏർപ്പെട്ടിരിക്കുന്നത്. കരാറിന്റെ ഭാഗമായി വിമാനത്താവളത്തിൽ റണ്‍വേ, ടെര്‍മിനലുകള്‍, റോഡുകള്‍, യൂട്ടിലിറ്റികള്‍, എയര്‍സൈഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, മറ്റ് അനുബന്ധ കെട്ടിടങ്ങള്‍ എന്നിവ ടാറ്റ പ്രോജക്ട്സ് നിർമ്മിക്കുമെന്ന് യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (YIAPL) അറിയിച്ചു. 

ഏറ്റവും നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ട് ഗുണനിലവാരം, സുരക്ഷ, സുസ്ഥിരത എന്നീ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും നിർമ്മാണം എന്നും കൃത്യസമയത്ത് പണി പൂർത്തിയാക്കുമെന്നും ടാറ്റാ പ്രൊജക്റ്റ് സിഇഒയും എംഡിയുമായ വിനായക് പൈയെ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും നൂതനവും പരിസ്ഥിതി സൗഹൃദവുമായ വിമാനത്താവളം ആയിരിക്കും നോയിഡ അന്താരാഷ്ട്ര വിമാനത്താവളം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്വിസ് ഡെവലപ്പർ ആയ സൂറിച്ച് എയർപോർട്ട് ഇന്റർനാഷണൽ എജിയുടെ അനുബന്ധ സ്ഥാപനമാണ് യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ്.

ലിംഗമാറ്റ ശസ്ത്രക്രിയ: ജീവനക്കാർക്ക് ശമ്പളത്തോടെ അവധി പ്രഖ്യാപിച്ച് കോൾസ്

Metrom Australia May 19, 2022 BUSINESS

ലിംഗമാറ്റ ശസ്ത്രക്രിയ ആവശ്യമായ ജീവനക്കാർക്ക് ശമ്പളത്തോടെ അവധി നൽകുമെന്ന് ഓസ്ട്രേലിയയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ കോൾസ്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെടുന്ന ജീവനക്കാർക്ക് 10 ദിവസം വരെ ശമ്പളത്തോടെയുള്ള അവധി ലഭ്യമാക്കുമെന്നാണ് കോൾസ് പ്രഖ്യാപിച്ചിരിക്കുന്നത്. കോൾസിൽ ജോലി ചെയ്യുന്ന ഒരു ട്രാൻസ്ജെൻഡർ വ്യക്തിക്ക് ലിംഗ സ്ഥിരീകരണം, ലിംഗമാറ്റം തുടങ്ങിയ ആവശ്യങ്ങളിൽ ഈ അവധി ഉപയോഗിക്കാവുന്നതാണ്.

ട്രാൻസ് ജെൻഡർ ജീവനക്കാർ ഏതു ലിംഗമെന്ന് സ്വയം വിശേഷിപ്പിക്കുന്നു എന്നതിന് അനുസൃതമായ വസ്ത്രങ്ങൾ ധരിക്കുക, ടോയ്‌ലറ്റുകൾ ഉപയോഗിക്കുക, ലിംഗമാറ്റം വരുത്തുക, പേരുകൾ മാറ്റുക തുടങ്ങിയ കാര്യങ്ങളിൽ ട്രാൻസ് ജീവനക്കാർക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് കോൾസ് പ്രസ്താവനയിൽ അറിയിച്ചു. കൂടാതെ,
ജീവിതത്തിലെ സുപ്രധാന പരിവർത്തനത്തിന് വിധേയമാകുന്ന ജീവനക്കാർക്കായി ട്രാൻസ്-സ്പെസിഫിക് പോളിസി നടപ്പിലാക്കേണ്ട സമയമാണിതെന്ന് കോൾസ് ലീഗൽ ആൻഡ് സേഫ്റ്റി ചീഫ് ഡേവിഡ് ബ്രൂസ്റ്റർ കൂട്ടിച്ചേർത്തു.

അതേസമയം കോൾസിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെടുന്നവരോ, സ്വയം അങ്ങനെ വിലയിരുത്തുന്നവരോ ആയ 900ഓളം ജീവനക്കാർ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇവരുടെ ക്ഷേമത്തിന്റെ ഭാഗമായുള്ള ലിംഗ സ്ഥിരീകരണ നടപടികളുമായി ബന്ധപ്പെട്ടാണ് കോൾസ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

ട്വിറ്റര്‍ ഇടപാട് താൽക്കാലികമായി നിര്‍ത്തിവച്ച് ഇലോണ്‍ മസ്‌ക്

Metrom Australia May 14, 2022 BUSINESS

താൽക്കാലികമായി ട്വിറ്ററുമായുള്ള കരാർ നിര്‍ത്തിവച്ച് ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക്. വ്യാജവും ഉപയോഗശൂന്യവുമായ അക്കൗണ്ടുകൾ  അഞ്ച് ശതമാനത്തിൽ താഴെയാണെന്ന് ഉറപ്പിക്കും വരെ ഡീൽ നിർത്തിവച്ചിരിക്കുകയാണെന്ന് ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വ്യക്തമാക്കി. ഏപ്രിൽ മാസമാണ് 44 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങാൻ മസ്‌ക് കരാർ ഒപ്പുവെച്ചത്. ഉപയോക്താക്കളിൽ 5 ശതമാനത്തിൽ താഴെയാണ് സ്പാം അക്കൗണ്ടുകൾ ഉള്ളതെന്ന് കമ്പനി കണക്കാക്കിയിരുന്നു. എന്നാൽ പ്ലാറ്റ്‌ഫോമിൽ നിന്ന് “സ്‌പാം ബോട്ടുകൾ” നീക്കം ചെയ്യുക എന്നതാണ് തന്റെ  തീരുമാനങ്ങളിൽ മുൻഗണന നൽകുന്നതെന്നും  മസ്ക്  പറഞ്ഞു.

ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി സൗദി അരാംകോ

Metrom Australia May 12, 2022 BUSINESS

ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി സൗദി അരാംകോ. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കമ്പനിയായ സൗദി അരാംകോ ഐ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിനെ പിന്തള്ളയാണ് വിപണിയില്‍ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറിയത്. അരാംകോയുടെ വിപണി മൂല്യം 9.19 ട്രില്യണ്‍ റിയാലാണ്. ഈ വര്‍ഷം ജനുവരി 2 മുതല്‍ അരാംകോയുടെ ഓഹരി മൂല്യത്തില്‍ ഏകദേശം 30 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശത്തിന്റെ കൂടി പശ്ചാത്തലത്തില്‍ എണ്ണവില ഉയര്‍ന്നതാണ് അരാംകോയ്ക്ക് ഈ നേട്ടം കൈവരിക്കാൻ സഹായകമായത്.