ധനുഷ്-മാരി സെല്‍വരാജ് ചിത്രത്തിന്റെ റിലീസിങ്ങ് പ്രഖ്യാപിച്ച് നിര്‍മ്മാതാവ്

Metrom Australia Jan. 31, 2021 ART AND ENTERTAINMENT

പരിയേറും പെരുമാളിന് ശേഷം മാരി ശെല്‍വരാജ് സംവിധാനം ചെയ്യുന്ന 'കര്‍ണന്‍' സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ധനുഷ് നായകനായി എത്തുന്ന ചിത്രം ഏപ്രിലില്‍ റിലീസ് ചെയ്യും. 1991ല്‍ തമിഴ്‌നാട് കൊടിയന്‍കുളത്ത് നടന്ന ജാതി സംഘര്‍ഷമാണ് ചിത്രീകരിക്കുന്നതെന്നാണ് സൂചന. ചിത്രത്തില്‍ രജിഷ വിജയന്‍, ലാല്‍, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. കലൈപുലി എസ് തനു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ഡിസംബറില്‍ പൂര്‍ത്തിയായിരുന്നു.

നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി യുഡിഎഫ് ജില്ലാ നേതൃത്വം

Metrom Australia Jan. 23, 2021 ART AND ENTERTAINMENT

വൈപ്പിന്‍ മണ്ഡലത്തില്‍ നിന്നും നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി യുഡിഎഫ് ജില്ലാ നേതൃത്വം. അടുത്തിടെയാണ് ധര്‍മജന്‍ വൈപ്പിനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണങ്ങള്‍ എത്തിയത്. ഈ വാര്‍ത്തകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതോടെയാണ് അങ്ങനെയൊരു ആലോചനയും നടക്കുന്നില്ലെന്ന് യുഡിഎഫ് ജില്ലാ നേതൃത്വം വ്യക്തമാക്കിയത്.

പാര്‍ട്ടി പ്രവര്‍ത്തനത്തിലും രാഷ്ട്രീയത്തിലും പരിചയസമ്പത്തുള്ള നിരവധി മുതിര്‍ന്ന നേതാക്കള്‍ ജില്ലയിലുണ്ട്. അവരെ മറികടന്ന് ധര്‍മജന് സീറ്റ് നല്‍കില്ല. ഇത്തരത്തില്‍ ഒരു ആലോചനയും നടക്കുന്നില്ലെന്നും യുഡിഎഫ് ചെയര്‍മാന്‍ ഡൊമിനിക്ക് പ്രസന്റേഷന്‍ ന്യൂസ് 18നോട് പറഞ്ഞു. ധര്‍മജന്‍ സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്ത പ്രചരിച്ചതോടെ താന്‍ പാര്‍ട്ടി അനുഭാവി ആയതിനാല്‍ ആരോ പടച്ചുവിട്ട വാര്‍ത്തയാണിത് എന്നാണ് താരം പ്രതികരിച്ചിരുന്നു.
 

ഈ കങ്കാരു ജിമ്മനാണ്; ചിത്രങ്ങള്‍ വൈറല്‍

Metrom Australia Jan. 23, 2021 ART AND ENTERTAINMENT

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ഒരു കങ്കാരുവിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം തീര്‍ക്കുന്നത്. സാധാരണ കംഗാരുക്കളില്‍ നിന്ന് അല്‍പ്പം വ്യത്യസ്തയുള്ളതായിരുന്നു ഈ കംഗാരുവിനെ മാര്‍ഗരറ്റ് റിവര്‍ എന്ന സ്ഥലത്താണ് കണ്ടെത്തിയത്. അതിന് മനുഷ്യരുടേത് പോലെ ശക്തമായ മസിലുകള്‍ ഉണ്ടായിരുന്നു. ആള് ജിമ്മനാണോയെന്നായിരുന്നു ചിലരുടെ കമന്റ്. 

ജാക്‌സണ്‍ വിന്‍സെന്റ് എന്ന പൂന്തോട്ട പരിപാലകന്‍ തന്റെ വളര്‍ത്തുനായയോടൊപ്പം പതിവ് നടക്കാനിറങ്ങിയപ്പോഴാണ് ഈ കങ്കാരുവിനെ കണ്ടെത്തിയത്. ഒരു ഒത്ത പുരുഷന്റെ ശരീരഘടനയായിരുന്നു അതിന്. ശക്തമായ മസിലുകള്‍, ദൃഢമായ പേശികള്‍. അവന് ഏതാണ്ട് 100 കിലോയില്‍ മുകളില്‍ ഭാരം കാണും. ഏതാണ്ട് രണ്ട് മീറ്ററെങ്കിലും ഉയരവും. സാധാരണ ഗതിയില്‍ കംഗാരുക്കള്‍ ശാന്തസ്വഭാവക്കാരാണ്. എന്നാല്‍ ആരെങ്കിലും ആക്രമിക്കുമെന്ന് തോന്നിയാല്‍ ഒരു ബോക്‌സറെ പോലെ അവരെ ഇടിച്ചിടാനും വാലുപയോഗിച്ച് അക്രമിക്കാനും ഇവ മടിക്കാറില്ല.

ക്ഷയരോഗ നിവാരണ പദ്ധതിയുടെ ഗുഡ് വില്‍ അംബാസഡറായി ചലച്ചിത്ര താരം മോഹന്‍ലാല്‍

Metrom Australia Jan. 22, 2021 GOVERNMENT , ART AND ENTERTAINMENT

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള ക്ഷയരോഗ നിവാരണ പദ്ധതിയില്‍ ചലച്ചിത്ര താരം മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസഡര്‍ ആകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡിനൊപ്പം മറ്റു ആരോഗ്യ പ്രശ്നങ്ങളും സമൂഹത്തിലുണ്ട്. അതിലൊന്നാണ് ക്ഷയരോഗം. സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി 2025ഓടുകൂടി ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യത്തിലെത്താന്‍ സംസഥാന സര്‍ക്കാര്‍ 'എന്റെ ക്ഷയരോഗ മുക്ത കേരളം പദ്ധതി' നടപ്പിലാക്കി വരികയാണ്. ക്ഷയരോഗത്തിന്റെയും കോവിഡിന്റെയും പ്രധാന ലക്ഷണങ്ങള്‍ ചുമയും പനിയും ആയതിനാല്‍ ക്ഷയരോഗം കണ്ടെത്തുന്നതില്‍ കാലതാമസം അനുഭവപ്പെടുന്നുണ്ട്. ഇത് മുന്നില്‍ കണ്ടാണ് ക്ഷയരോഗ ബാധിതരെ കണ്ടെത്തുന്നതിനുള്ള കാമ്പയിന്‍ ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ക്ഷയരോഗ നിവാരണത്തോടൊപ്പം ക്ഷയരോഗ ബാധിതരോടുള്ള കാഴ്ചപ്പാടുകളും വിവേചനങ്ങളും ഇല്ലാതാകാന്‍ സമൂഹം ഒരുമിച്ചു നില്‍ക്കേണ്ടതുണ്ടെന്ന് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. നമ്മള്‍ പ്രളയത്തെയും മറ്റു മഹാമാരികളെയും വളരെ വേഗം അതിജീവിച്ചവരാണ്. ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനവും അതുപോലെ തന്നെ സാധ്യമാക്കാന്‍ നമ്മുക്ക് കഴിയുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി സംസ്ഥാന ആരോഗ്യവകുപ്പ് ക്ഷയരോഗ നിവാരണത്തിനായി നടത്തിവരുന്ന 'അക്ഷയകേരളം' പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ തെരഞ്ഞെടുത്തിരുന്നു.
 

'കുറുപ്പ്' നേരിട്ട് തിയറ്ററിലേക്ക്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

Metrom Australia Jan. 20, 2021 ART AND ENTERTAINMENT

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ശ്രീനാഥ് രാജേന്ദ്രന്‍ ഒരുക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറിപ്പിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍ റിലീസിനായി ലഭിച്ച റെക്കോര്‍ഡ് ഓഫര്‍ വേണ്ടെന്ന് വച്ചാണ് ചിത്രം നേരിട്ട് തിയറ്ററിലേക്കെത്തുന്നത്. മെയ് 28നാണ് കുറിപ്പ് പ്രേക്ഷകരിലേക്കെത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തുന്നത്.

കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മാംഗ്ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറ് മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. ദുല്‍ഖറിന്റെ കരിയറിലെതന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്.

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ കഥ ജിതിന്‍ കെ ജോസ് ആണ് ഒരുക്കിയിരിക്കുന്നത്. മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഡാനിയേല്‍ സായൂജ് നായരും കെഎസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും. 

നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.