വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി കെ മാധവന്‍ നേതൃത്വം നല്‍കും

Metrom Australia April 14, 2021 BUSINESS , ART AND ENTERTAINMENT

ന്യൂഡല്‍ഹി: വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യയുടെ പ്രസിഡന്റായി കെ മാധവനെ തെരഞ്ഞെടുത്തു. ഡിസ്‌നി, സ്റ്റാര്‍, ഹോട്ട്സ്റ്റാര്‍ എന്നിവയിലൂടെ വിനോദം, കായികം, പ്രാദേശിക ചാനലുകള്‍ തുടങ്ങിയ മേഖലകളില്‍ വ്യാപിച്ചുകിടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാം ഇനി കെ മാധവന്‍ നേതൃത്വം നല്‍കും. ചാനല്‍ വിതരണത്തിന്റെയും പരസ്യങ്ങളുടെയും മേല്‍നോട്ടം, എട്ട് ഭാഷകളിലായി ഫിക്ഷന്‍, നോണ്‍ ഫിക്ഷന്‍, സ്‌പോര്‍ട്‌സ്, സിനിമകള്‍ എന്നിങ്ങനെ വിപുലമായ ഉള്ളടക്കം സൃഷ്ടിക്കുന്നതിന്റെ ചുമതല എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. എട്ട് ഭാഷകളിലായി കോടിക്കണക്കിന് പ്രേക്ഷകര്‍ ആസ്വദിക്കുന്ന വിപുലമായ വിനോദ ഉള്ളടക്കത്തിന്റെ ചുമതല ഇനി കെ മാധവന് ആയിരിക്കും. 

കെ. മാധവനെ വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യയുടെ പ്രസിഡന്റായി തെരഞ്ഞെടുത്ത വിവരം വാള്‍ട്ട് ഡിസ്‌നി കമ്പനി ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് ഡയറക്റ്റ്-ടു-കണ്‍സ്യൂമര്‍ ചെയര്‍മാന്‍ റെബേക്ക കാംപ്‌ബെല്‍ ആണ് പ്രഖ്യാപിച്ചത്. വാള്‍ട്ട് ഡിസ്‌നിയുടെ ഇന്ത്യാ ബിസിനസിനെ കെ മാധവന്‍ എങ്ങനെ നന്നായി കൈകാര്യം ചെയ്തുവെന്ന് നേരിട്ട് കണ്ടു. അത് കമ്പനിയുടെ ആഗോള, പ്രാദേശിക ഉയര്‍ച്ചയില്‍ നിര്‍ണായകമായി എന്നും റെബേക്ക ക്യാംപ്‌ബെല്‍ പറഞ്ഞു. അതേസമയം അവിശ്വസനീയമാംവിധം കഴിവുള്ള ടീമിനെ നയിക്കാനുള്ള അവസരം ലഭിച്ചതില്‍ അഭിമാനിക്കുന്നുവെന്നും ചാനലുകളെയും പരിപാടികളെയും കാഴ്ചക്കാര്‍ക്ക് കൂടുതല്‍ പ്രിയങ്കരമാക്കുകയാണ് ലക്ഷ്യമെന്നും കെ മാധവന്‍ പ്രതികരിച്ചു.

2019 മുതല്‍, സ്റ്റാര്‍ & ഡിസ്‌നി ഇന്ത്യയുടെ കണ്‍ട്രി മാനേജരായി സേവനമനുഷ്ഠിക്കുന്ന മാധവന്‍ കമ്പനിയുടെ ടെലിവിഷന്‍, സ്റ്റുഡിയോ ബിസിനസ്സിന്റെ മേല്‍നോട്ടം വഹിച്ചു. ഇപ്പോള്‍ ഇന്ത്യന്‍ ബ്രോഡ് കാസ്റ്റിംഗ് ഫൗണ്ടേഷന്റെ പ്രസിഡന്റായും സിഐഐയുടെ മീഡിയ & എന്റര്‍ടെയ്ന്‍മെന്റ് നാഷണല്‍ കമ്മിറ്റിയുടെ ചെയര്‍മാനായും കെ മാധവന്‍ പ്രവര്‍ത്തിക്കുന്നു.


 

വോട്ടു ചെയ്യാന്‍ സൈക്കിളിലെത്തി വിജയ്

Metrom Australia April 6, 2021 POLITICS , ART AND ENTERTAINMENT

ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സൈക്കളില്‍ വോട്ട് ചെയ്യാനെത്തി തമിഴ് നടന്‍ വിജയ്. താരത്തെ കണ്ടതും ആരാധകരുടെ നിയന്ത്രണം വിട്ടു. പിന്നീട് പോലീസ് ഇടപെട്ടാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. നീലാങ്കരിയിലെ വേല്‍സ് യൂണിവേഴ്സിറ്റി ബൂത്തിലാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്.

234 മണ്ഡലങ്ങിലേക്കായി 3998 സ്ഥാനാര്‍ഥികളാണ് തമിഴ്‌നാട്ടില്‍ ഇന്ന് ജനവിധി തേടുന്നത്. എ.ഐ.ഡി.എം.കെ സഖ്യവും - ഡി.എം.കെ സഖ്യവും തമ്മിലാണ് തമിഴ്‌നാട്ടില്‍ പ്രധാന പോരാട്ടം.

പി. ബാലചന്ദ്രന്‍ അന്തരിച്ചു

Metrom Australia April 5, 2021 ART AND ENTERTAINMENT

നാടക രചയിതാവും, നടനും, തിരക്കഥാകൃത്തും, സംവിധായകനുമായ പി. ബാലചന്ദ്രന്‍(69) അന്തരിച്ചു. വൈക്കത്തെ വസതിയിലായിരുന്നു അന്ത്യം. മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് വൈക്കത്ത് വീട്ടുവളപ്പില്‍ നടക്കും. 

കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയില്‍ പദ്മനാഭപിള്ളയുടെയും സരസ്വതി ഭായിയുടെയും മകനായാണ് പി. ബാലചന്ദ്രന്‍ ജനിച്ചത്. കേരള സര്‍വ്വകലാശാലയില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്തരബിരുദവും, അധ്യാപന രംഗത്തെ ബി.എഡ് ബിരുദവും ഒപ്പം തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് സംവിധാനം ഐച്ഛികമായി നാടക-തീയറ്റര്‍ കലയില്‍ ബിരുദവുമെടുത്തു. 1972ല്‍ മാതൃഭൂമി വിഷുപ്പതിപ്പ് നടത്തിയ കോളേജ് തലമത്സരത്തില്‍ 'താമസി' എന്ന നാടകത്തിനു ഒന്നാം സ്ഥാനം ലഭിച്ചു. എംജി സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേര്‍സില്‍ ലക്ചറര്‍ ആയാണ് തുടക്കം. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ കുറച്ചു കാലം അദ്ധ്യാപകന്‍ ആയിരുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയുടെ റെപെര്‍ടറി തിയേറ്റര്‍ ആയ 'കള്‍ട്'ല്‍ പ്രവര്‍ത്തിച്ചു. മകുടി (ഏകാഭിനയ ശേഖരം), പാവം ഉസ്മാന്‍, മായാസീതങ്കം, നാടകോത്സവം അടക്കം നിരവധി നാടകങ്ങള്‍ രചിച്ചു. ഏകാകി, ലഗോ, തീയറ്റര്‍ തെറാപ്പി, ഒരു മധ്യവേനല്‍ പ്രണയരാവ്, ഗുഡ് വുമന്‍ ഓഫ് സെറ്റ്‌സ്വാന്‍ തുടങ്ങിയ നാടകങ്ങള്‍ സംവിധാനം ചെയ്തു. 1989ലെ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് പി ബാലചന്ദ്രന്റെ പാവം ഉസ്മാന് ആയിരുന്നു. കേരള സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ് 1989ല്‍ നേടി. പ്രതിരൂപങ്ങള്‍ എന്ന നാടകരചനക്കായിരുന്നു അത്. 

ഉള്ളടക്കം, അങ്കിള്‍ ബണ്‍, പവിത്രം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, മാനസം, കല്ല് കൊണ്ടൊരു പെണ്ണ്, പുനരധിവാസം, പോലീസ്, ഇവന്‍ മേഘരൂപന്‍, കമ്മട്ടിപ്പാടം, എടക്കാട് ബറ്റാലിയന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവുമെഴുതി. അഗ്‌നിദേവന്‍ എന്ന ചിത്രത്തിന്റെ തിരക്കഥയില്‍ വേണുനാഗവള്ളിക്കൊപ്പം പങ്കാളിയായി.

തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് അഭിനയ പരിചയം നേടി. വക്കാലത്ത് നാരായണന്‍ കുട്ടി, ശേഷം, പുനരധിവാസം, ശിവം, ജലമര്‍മ്മരം, ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നടനെന്ന നിലയില്‍ 'ട്രിവാന്‍ഡ്രം ലോഡ്ജ്' സിനിമയിലെ കഥാപാത്രം വളരെ ശ്രദ്ധേയമായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം 'വണ്ണില്‍' പ്രതിപക്ഷ എം.എല്‍.എ.യുടെ വേഷം ചെയ്തിരുന്നു. 2012ല്‍ റിലീസ് ചെയ്ത ഇവന്‍ മേഘരൂപന്‍ എന്ന സിനിമയിലൂടെ ചലച്ചിത്ര സംവിധായകനായി.

പുനരധിവാസം എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് നേടി. മികച്ച നാടക രചനക്കുള്ള 2009ലെ കേരള സംഗീതനാടക അക്കാദമി അവാര്‍ഡും പി. ബാലചന്ദ്രനായിരുന്നു. വൈക്കം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ആയിരുന്ന ശ്രീലതയാണ് ഭാര്യ. ശ്രീകാന്ത്, പാര്‍വതി എന്നിവര്‍ മക്കളാണ്.
 

‘റോക്കട്രി ദി നമ്പി ഇഫക്ടി’ന്റെ ട്രെയ്‌ലര്‍ പുറത്ത്

Metrom Australia April 2, 2021 ART AND ENTERTAINMENT

മാധവന്‍ നമ്പി നാരായണനായി എത്തുന്ന റോക്കട്രി ദി നമ്പി ഇഫക്ട് എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത്. നാല് വര്‍ഷമായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നതും മാധവന്‍ തന്നെയാണെന്നതാണെന്നാണ് ചിത്രത്തിന്റെ പ്രത്യേക. ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതമാണ് ചിത്രം പറയുന്നത്.

മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ ഷാരൂഖ് ഖാനും സൂര്യയുമെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ഹിന്ദിയില്‍ ഷാരൂഖ് ഖാന്‍ ചെയ്യുന്ന റോളില്‍ തമിഴില്‍ സൂര്യ ആയിരിക്കും എത്തുക. സിമ്രാന്‍ ആണ് ചിത്രത്തില്‍ മാധവന്റെ നായികയായി എത്തുന്നത്. ഇരുവരും 15 വര്‍ഷത്തിന് ശേഷമാണ് സിനിമയില്‍ ഒന്നിക്കുന്നത്. നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ വൈറലായിരുന്നു. നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവ ബഹുലമായ 27 വയസ്സ് മുതല്‍ 70 വയസ്സ് വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. ആറ് രാജ്യങ്ങളിലധികം ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു. 100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചെലവ്. ആര്‍ മാധവന്റെ ട്രൈ കളര്‍ ഫിലീസും ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സിന്റെയും ബാനറിലാണ് നിര്‍മാണം. വെള്ളം സിനിമയുടെ സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ ഡയറക്ടറാണ്. ശ്രീഷ റായ് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് ബിജിത്ത് ബാല, സംഗീതം സാം സി.എസ്, പിആര്‍ഒ ആതിര ദില്‍ജിത്ത്.
 

മമ്മൂക്ക പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവച്ച് മഞ്ജു വാര്യര്‍

Metrom Australia March 28, 2021 ART AND ENTERTAINMENT

മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യരുടെ പ്രായത്തെ വെല്ലുന്ന ലുക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചാ വിഷയമാണ്. പക്ഷെ, ഇത്തവണ താരത്തിന്‍റെ സൗന്ദര്യം മാത്രമല്ല ഫോട്ടോഗ്രാഫറുടെ പ്രാഗത്ഭ്യവും ചര്‍ച്ചാ കേന്ദ്രമാണ്. മഞ്ജു പങ്കുവച്ചിരിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തിയത് മറ്റാരുമല്ല, സാക്ഷാല്‍ മമ്മൂട്ടി തന്നെ. മലയാള സിനിമയിലെ പ്രഗത്ഭനായ ഫോട്ടോഗ്രാഫര്‍ മമ്മൂക്ക പകര്‍ത്തിയ ചിത്രങ്ങളാണിവയെന്നും ഇത് നിധിയാണെന്നുമാണ് മഞ്ജു ഫോട്ടോകള്‍ക്കൊപ്പം കുറിച്ചത്. ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച 'ദി പ്രീസ്റ്റ്' എന്ന സിനിമ തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടയിലാണ് മഞ്ജു ചിത്രങ്ങള്‍ പങ്കുവച്ചത്.