മികച്ച അഭിപ്രായങ്ങളുമായി 'ക്യാബിൻ' തീയേറ്റർ റിലീസ് ചെയ്ത് മുന്നേറുന്നു

Nov. 3, 2021

കോവിഡ് പ്രതിസന്ധികൾക്കൊടുവിൽ കേരളത്തിൽ സിനിമ തിയേറ്റർ തുറന്നിരിക്കയാണ്. വീണ്ടും തിയേറ്ററുകളിലേക്ക് സിനിമ ആസ്വാദകർ നിറയുകയാണ്. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയറ്ററിലെ ആദ്യ റിലീസുകളില്‍ ഒന്നാണ് ‘ക്യാബിൻ’. 

തമിഴ്നാട്ടിലെ നീലഗിരിയിൽ നിന്നുള്ള സിനിമാ പ്രവർത്തകർ ചേർന്ന് മലയാളത്തിൽ ഒരുക്കിയ ചിത്രമാണ് 'ക്യാബിൻ'. ഗൂഡല്ലൂർ സ്വദേശി പുലരി ബഷീറിന്റെ നവാഗത സംവിധാന സംരംഭമായ സിനിമയിലെ നിർമാതാവും നായകനും നീലഗിരിക്കാരാണ്. 

നീലഗിരി ഭാഗത്തേക്ക് കുടിയേറിപ്പാർത്ത മലയാളി കുടുംബങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ നടക്കുന്നത്. വർഷങ്ങളായി നീലഗിരിയിൽ എസ്റ്റേറ്റ് നടത്തിയിരുന്ന മലയാളി കുടുംബം തിരിച്ച് നാട്ടിലേക്ക് പോകുന്ന യാത്രയിലുണ്ടാകുന്ന സംഭവ വികാസങ്ങളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. അപരിചിതനും താന്തോന്നിയുമായ ഒരാളുടെ ലോറിയിലുള്ള യാത്രയായതിനാൽ  ലോറിയുടെ കാബിനും സിനിമയിൽ ഒരു പ്രധാന ഇടമാകുന്നുണ്ട്.

നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രിൻസ് ഊട്ടി ചില തമിഴ് സിനികളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തിൽ അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രമാണ്. മോഡലായ അക്ഷത വരുൺ, കുമ്പാരീസ് സിനിമയിലെ നായികയിരുന്ന റോണ ജോ എന്നിവരാണ് ക്യാബിനിലെ നായികമാർ. ജോയ് മാത്യു, നീന കുറുപ്പ്, ജാഫർ ഇടുക്കി, കൈലാഷ്, കുടപ്പുള്ളി ലീല, അംബിക മോഹൻ, ഷിയാസ് കരീം, ഷംസുദ്ദീൻ  മണ്ണിശ്ശേരി, മുംബൈ സ്വദേശിയായ ജയ് താക്കൂർ, പ്രകാശ് പയ്യാനയ്ക്കൽ, ഹരിശ്രീ യൂസഫ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. ട്രാൻസ്ജെൻഡർ സുകന്യ കൃഷ്ണയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലൈസ പ്രൊഡക്ഷൻസിനു വേണ്ടി ലൈസതെരേസ നിർമ്മിക്കുന്ന ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബാണ്.  

Related Post