ബ്രിസ്‌ബൈനിൽ 26 കാരന് കോവിഡ് ബാധ; സ്ഥലങ്ങൾ സന്ദർശിച്ചതായി ക്വീൻസ്ലാൻറ് ആരോഗ്യ വകുപ്പ്

Metrom Australia March 26, 2021 GOVERNMENT

ബ്രിസ്ബൈനില്‍ ഒരാള്‍ക്ക് പ്രാദേശിക കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. സ്റ്റാഫോര്‍ഡിലുള്ള 26 കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ചയോളമായി സമൂഹത്തിലുണ്ടായിരുന്ന ഇദ്ദേഹം നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായി ക്വീന്‍സ്ലാന്റ് ആരോഗ്യ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച രോഗലക്ഷണങ്ങള്‍ കണ്ട ഇയാള്‍ വ്യാഴാഴ്ചയാണ് പരിശോധന നടത്തിയതും രോഗം സ്ഥിരീകരിച്ചതും. ലാന്‍ഡ്‌സ്‌കേപ്പര്‍ ആയ ഇദ്ദേഹം റോയല്‍ ബ്രിസ്ബൈന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.  ഇയാള്‍ക്ക് എങ്ങനെ രോഗം ബാധിച്ചുവെന്ന് ഇനിയും വ്യക്തമായിട്ടില്ല. സംസ്ഥാനത്ത് രണ്ടാഴ്ച മുന്‍പ് വൈറസ് ബാധ സ്ഥിരീകരിച്ച ഡോക്ടറുമായി സമ്പര്‍ക്കത്തിലായ ആളാവാം ഇതെന്നാണ് ആരോഗ്യ വകുപ്പ് സംശയിക്കുന്നത്. 

ബ്രിസ്ബൈന്‍-മോര്‍ട്ടന്‍ ബേ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും പരിശോധനക്ക് വിധേയരാവണമെന്നും സംസ്ഥാന ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ജാനെറ്റ് യംഗ് പറഞ്ഞു.കാറിന്‍ഡെയ്ല്‍ ഷോപ്പിംഗ് സെന്ററിലും എവെര്‍ട്ടോണ്‍ പാര്‍ക്കിലുള്ള ബാസ്‌കിന്‍ ആന്‍ഡ് റോബിന്‍സ് ഐസ്‌ക്രീം സ്റ്റോറിലും മാര്‍ച്ച് 20നും, ഒരു സൂപ്പര്‍മാര്‍ക്കറ്റിലും ഇറ്റാലിയന്‍ റെറ്റോറന്റിലും മാര്‍ച്ച് 21 നും ഇയാള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. കൂടാതെ മാര്‍ച്ച് 22ന് സ്റ്റാഫോര്‍ഡിലെ ബണ്ണിംഗ്സും സന്ദര്‍ശിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ ഇവിടം  സന്ദര്‍ശിച്ചവര്‍ പരിശോധനക്ക് വിധേയരാവണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

പ്രാദേശിക ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ബ്രിസ്ബൈന്‍ സിറ്റി കൗണ്‍സിലിലും മോര്‍ട്ടന്‍ ബേ പ്രദേശങ്ങളിലുമുള്ള ഏജ്ഡ് കെയര്‍ കേന്ദ്രങ്ങള്‍, ആശുപത്രികള്‍, ജയിലുകള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. വെള്ളിയാഴ്ച ഉച്ച മുതല്‍ നിയന്ത്രണം നടപ്പാക്കുന്നതായി പ്രീമിയര്‍ അനസ്താഷ്യ പാലാഷേ അറിയിച്ചു. 

Related Post