15 താരങ്ങള്‍ക്ക് നാല് കോടി വീതം ഓഫർ ചെയ്ത് യു.എ.ഇ ടി-20
ഓസ്ട്രേലിയയുടെ സ്വന്തം ഫ്രാഞ്ചൈസി ലീഗായ ബിഗ് ബാഷ് ലീഗുമായി(ബി.ബി.എല്‍) ഏറ്റുമുട്ടി യു.എ.ഇ ടി-20 ലീഗ്. നിലവില്‍ ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണര്‍ മാത്രമാണ് യു.എ.ഇ ടി-20യില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്. എന്നാല്‍ വരും ദിവസങ്ങളില്‍ ഈ ലിസ്റ്റ് നീളാനാണ് സാധ്യത കല്പിക്കുന്നത്.
ബി.ബി.എല്ലില്‍ കളിക്കുന്നതിന് പകരം തങ്ങളുടെ ഫ്രാഞ്ചൈസി ലീഗില്‍ കളിക്കുന്നതിന് വേണ്ടി 15 ഓസീസ് താരങ്ങള്‍ക്ക് നാല് കോടി രൂപ വീതമാണ് (വരെയാണ്) യു.എ.ഇ ടി-20 ലീഗ് ഓഫര്‍ ചെയ്തിരിക്കുന്നതെന്നാണ് ദി ഏജ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബി.ബി.എല്ലിന്റെയും യു.എ.ഇ ടി-20 ലീഗിന്റെയും ഷെഡ്യൂളുകള്‍ ക്ലാഷാവാന് സാധ്യതയുള്ളതിനാലാണ് ഓസീസ് താരങ്ങളെ വിലയ്ക്കെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബി.ബി.എല്‍ ഓഫര്‍ ചെയ്യുന്ന പണത്തേക്കാള്‍ എത്രയോ അധികമാണ് യു.എ.ഇ ടി-20 ലീഗ് താരങ്ങള്‍ക്ക് പ്രതിഫലമായി നല്‍കുന്നത്. ഇത് വല്ലാത്തൊരു പ്രതിസന്ധിയിലേക്കാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പ്രതിസന്ധിയിലാക്കുന്നതെന്നാണ് റിപ്പോർട്ട്. ക്രിസ് ലിന്നും യു.എ.ഇയില്‍ കളിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ താരം നിലവില്‍ അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സുമായി ചര്‍ച്ചയിലാണ്.