ലോകകപ്പ് സന്നാഹ മത്സരം: ഓസീസിനെ തകർത്ത് ഇന്ത്യ

Metrom Australia Oct. 21, 2021

ട്വന്റി20 ലോകകപ്പ് രണ്ടാം സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയയേയും തറപറ്റിച്ച് ഇന്ത്യ. 13 പന്ത് ശേഷിക്കെ ഒമ്പത് വിക്കറ്റിനായിരുന്നു ഓസീസിനെതിരായ ഇന്ത്യയുടെ വിജയം. ഇന്ത്യയ്ക്കായി കെഎല്‍ രാഹുലും രോഹിത് ശര്‍മയും ഓപ്പണിങ്ങ് വിക്കറ്റില്‍ 9.2 ഓവറില്‍ 68 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 31 പന്തില്‍ രണ്ട് ഫോറും മൂന്നു സിക്സും സഹിതം 39 റണ്‍സെടുത്ത കെഎല്‍ രാഹുലിനെ ആഷ്റ്റണ്‍ അഗര്‍ പുറത്താക്കി. 41 പന്തില്‍ അഞ്ചു ഫോറിന്റേയും മൂന്നു സിക്സിന്റേയും സഹായത്തോടെ 60 റണ്‍സെടുത്ത രോഹിത് റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങി.
പിന്നീട് സൂര്യകുമാര്‍ യാദവും ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യയെ വിജയത്തിലെത്തിച്ചു. സൂര്യകുമാര്‍ 27 പന്തില്‍ 38 റണ്‍സും പാണ്ഡ്യ എട്ടു പന്തില്‍ 14 റണ്‍സുമടിച്ചു. 

ആദ്യ ബാറ്റിങ്ങിനിറങ്ങിയ െഓസ്ട്രേലിയ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണെടുത്തത്. ഒരു ഘട്ടത്തില്‍ മൂന്നു വിക്കറ്റിന് 11 റണ്‍സ് എന്ന അവസ്ഥയിലായിരുന്ന ഓസീസിനെ സ്റ്റീവ് സ്മിത്ത് മികച്ച സ്‌കോറിലേക്ക് വഴിയിടുകയായിരുന്നു. സ്മിത്ത് 48 പന്തില്‍ ഏഴു ഫോറിന്റെ സഹായത്തോടെ 57 റണ്‍സെടുത്തു. 41 റണ്‍സോടെ സ്റ്റോയിന്‍സും 37 റണ്‍സോടെ മാക്സ്വെല്ലും സ്മിത്തിന് പിന്തുണ നല്‍കി. ഡേവിഡ് വാര്‍ണര്‍ (1), ആരോണ്‍ ഫിഞ്ച് (8), മിച്ചല്‍ മാര്‍ഷ് (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇന്ത്യക്കായി അശ്വിന്‍ രണ്ടും ഭുവനേശ്വര്‍ കുമാറും രവീന്ദ്ര ജഡേജയും രാഹുല്‍ ചാഹറും ഓരോ വിക്കറ്റ് വീതവും നേടി.

ഇന്ത്യയുടെ ഓസ്കാർ ലിസ്റ്റിൽ മലയാള ചിത്രം ''നായാട്ടും"

Metrom Australia Oct. 21, 2021

ഓസ്‌കര്‍ അവാര്‍ഡിനുള്ള ഇന്ത്യന്‍ സിനിമയുടെ ഷോർട്ട് ലിസ്റ്റില്‍ ഇടം നേടി മലയാള ചിത്രം 'നായാട്ട്'. രാജ്യത്തെ വിവിധ ഭാഷകളില്‍ നിന്നായി പതിനാലോളം ചിത്രങ്ങളാണ് പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. സംവിധായന്‍ ഷാജി എന്‍ കരുണന്‍ അധ്യക്ഷനായ ജൂറിയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്. 

കൊല്‍ക്കത്തയിലെ ഭവാനിപ്പൂരില്‍ പതിനഞ്ച് വിധികര്‍ത്താക്കള്‍ അടങ്ങുന്ന പാനലാണ് ചിത്രങ്ങളുടെ തിരഞ്ഞെടുപ്പ് നടത്തുന്നത്. നായാട്ട് കൂടാതെ തമിഴില്‍ നിന്ന് യോഗി ബാബു കേന്ദ്രകഥാപാത്രമായ മണ്ടേല, വിദ്യാ ബാലന്‍ കേന്ദ്രകഥാപാത്രമായ ഹിന്ദി ചിത്രം ഷേര്‍ണി, ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത സര്‍ദാര്‍ ഉദ്ധം എന്ന സ്വാതന്ത്ര്യസമര നായകന്‍ ഉദ്ധം സിംഗിന്റെ ബയോപിക് എന്നിവയും പട്ടികയിലുണ്ട്

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് നായാട്ട്. ഷാഫി കബീറാണ് നായാട്ടിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. അതേസമയം ഫെബ്രുവരിയിലാണ് ഓസ്‌കര്‍ നോമിനേഷന്‍ പ്രഖ്യാപിക്കുക. മാര്‍ച്ച് 27 നാണ് 94-ാമത് ഓസ്‌കാര്‍ പുരസാകാരച്ചടങ്ങ് നടക്കുന്നത്.

വിമാനം കത്തിയമർന്നു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Metrom Australia Oct. 20, 2021

ഹുസ്റ്റൺ: അമേരിക്കയിലെ ഹൂസ്റ്റണിൽ പറന്നുയരാൻ ശ്രമിക്കുന്നതിനിടെ പ്രൈവറ്റ് വിമാനം കത്തിയമർന്നു. എന്നാൽ വിമാനത്തിലുണ്ടായിരുന്ന 18 യാത്രക്കാരും മൂന്ന് ക്രൂ അംഗങ്ങളും അടക്കം 21 പേരും അത്ഭുതകരമായി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. രണ്ടുപേരെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. മക്ഡൊണൽ ഡഗ്ലസ് എംഡി-87  ചെറു വിമാനത്തളത്തിൽ നിന്ന് പറന്നുയരാൻ ശ്രമിക്കവെയാണ്  അപകടം.

ഹൂസ്റ്റണിൽ നിന്ന് ബോസ്റ്റണിലേക്കുള്ള യാത്രയിലായിരുന്ന ഫ്ലയർ ബിൽഡേഴ്സ ഉടമ അലൻ ക്രെന്റിന്റെ സ്വകാര്യ വിമാനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിന്‍റെ കാരണം പരിശോധിച്ച് വരികയാണെന്ന്​ ഫെഡറൽ എവിയേഷൻ അഡ്​മിനിസ്​ട്രേഷൻ അറിയിച്ചു. സംഭവം നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ്  അന്വേഷിക്കുമെന്നും എഫ്എഎ അറിയിച്ചു. മേജർ ലീഗ് ബേസ്ബോളിന്റെ അമേരിക്കൻ ലീഗ് ചാമ്പ്യൻഷിപ്പ് സീരീസ് ഗെയിം-4 ൽ ഹൂസ്റ്റൺ ആസ്ട്രോസ് റെഡ് സോക്സ് കളിക്കുന്നത് കാണാനുള്ള യാത്രയായിരുന്നു ഇത്.

മോദിയെ 'ബോണ്ടാക്കി' ഡെറിക് ഒബ്രിയാന്‍

Metrom Australia Oct. 20, 2021

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജയിംസ് ബോണ്ടായി ചിത്രീകരിച്ചു കൊണ്ടുളള പോസ്റ്റര്‍ പങ്കുവെച്ച് തൃണമൂല്‍ എംപി ഡെറിക് ഒബ്രിയാന്‍. രാജ്യത്തെ സാമ്പത്തിക ഭദ്രത സംരക്ഷിക്കുന്നതിലുളള എന്‍ഡിഎ സര്‍ക്കാരിന്റെ പരാജയത്തെ വിമര്‍ശിച്ചു കൊണ്ടായിരുന്നു എംപിയുടെ പോസ്റ്റ്. ഹോളിവുഡ് കഥാപാത്രമായ ജയിംസ് ബോണ്ടിന്റെ വിഖ്യാത ചിത്രമായ 007 എന്ന് രേഖപ്പെടുത്തിയ പോസ്റ്ററില്‍ മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയായിരുന്നു ഡെറിക് ഒബ്രിയാന്റെ പരിഹാസം. 

'ദേ കോള്‍ മി 007' എന്നാണ് പോസ്റ്ററിലെ കുറിപ്പ്. 0 വികസനം, 0 സാമ്പത്തിക വളര്‍ച്ച, ഏഴ് വര്‍ഷത്തെ സാമ്പത്തിക പിടിപ്പുകേട് എന്നിങ്ങനെയാണ് 007 എന്ന സംഖ്യയെ അദ്ദേഹം വ്യാഖ്യാനിച്ചത്. എംപിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് മോദിയെ വിമര്‍ശിച്ച് കൊണ്ടുളള പോസ്റ്റര്‍ പുറത്തുവിട്ടത്. ജിഎസ്ടിയും നോട്ടുനിരോധനവും ഏര്‍പ്പെടുത്തിയതിന് ശേഷം ഇന്ത്യയുടെ ജിഡിപി 2019-20ല്‍ 3.1 ശതമാനമായി കുറഞ്ഞിരുന്നു. നേരത്തെ വിവിധ വിഷയങ്ങളില്‍ മോദിയെ നിശിതമായി വിമര്‍ശിച്ചു കൊണ്ട് ഡെറിക് ഒബ്രിയാന്‍ രംഗത്ത് വന്നിരുന്നു. 
 

ബൂസ്റ്റർ ഡോസ് ഈ വർഷം വിതരണം ചെയ്യാനാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ഓസ്ട്രേലിയൻ ആരോഗ്യ മന്ത്രി

Metrom Australia Oct. 20, 2021

ഓസ്ട്രേലിയയിൽ ഈ വർഷം അവസാനം കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകി തുടങ്ങാനാകുമെന്ന് ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് അറിയിച്ചു. ബൂസ്റ്റർ ഡോസ് സംബന്ധിച്ചുള്ള നിർണ്ണായക ചർച്ച തിങ്കളാഴ്ച ഉണ്ടാകുമെന്നും അദ്ദേഹം കാൻബറയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കൂടുതൽ പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. TGA ഉം ATAGI ഉം ഇത് സംബന്ധിച്ച് സർക്കാരിന് നിർദ്ദേശം നൽകാനിരിക്കുകയാണ്.

നവംബറിലെ രണ്ടാമത്തെ ആഴ്ച മുതൽ ഏജ്ഡ് കെയറിൽ വസിക്കുന്നവർക്ക് ബൂസ്റ്റർ ഡോസ് ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യ അധികൃതരുടെ അനുമതി മാത്രമാണ് ബാക്കിയുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രായമേറിയവർക്കും ഏജ്ഡ് കെയറിൽ വസിക്കുന്നവർക്കും ആയിരിക്കും ബൂസ്റ്റർ ഡോസ് ആദ്യം നൽകുകയെന്ന് ചീഫ് ഹെൽത് ഓഫീസർ പോൾ കെല്ലിയും പറഞ്ഞു. ഈ വിഭാഗത്തിലുള്ളവർ രണ്ടാം ഡോസ് സ്വീകരിച്ചിട്ട് ആറു മാസം പിന്നിട്ടുണ്ടാവണം.

അതേസമയം രാജ്യത്തെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്കും ബൂസ്റ്റർ ഡോസ് അനുവദിക്കണമെന്ന് ഓസ്‌ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ വിക്ടോറിയ ചാപ്റ്റർ പ്രസിഡന്റ് റോഡറിക്ക് മക്റേ ആവശ്യപ്പെട്ടു. ലോക്ക്ഡൗൺ ഉൾപ്പെടെ കർശന നിയന്ത്രണങ്ങൾ പിൻവലിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ ആരോഗ്യ രംഗത്തുള്ളവരുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ പ്രതിരോധ ശേഷി കുറവുള്ള വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസിന് മുൻഗണന നൽകണമെന്നാണ് ഇൻഫെക്ഷ്യസ് ഡിസീസ് വിദഗ്ദ്ധൻ റോബർട്ട് ബൂയിയുടെ നിർദ്ദേശം. അതിനിടയിൽ രാജ്യത്തെ 16 വയസിന് മേൽ പ്രായമുള്ളവരുടെ വാക്‌സിനേഷൻ നിരക്ക് 70 ശതമാനം പിന്നിട്ടു. എന്നാൽ ആദിമവർഗ സമൂഹത്തിലെ വാക്‌സിനേഷൻ നിരക്ക് കുറഞ്ഞ നിലയിൽ തുടരുന്നതിൽ ആരോഗ്യ മന്ത്രി ആശങ്ക പ്രകടിപ്പിച്ചു.