സ്ത്രീ ജീവനക്കാർക്ക് ആർത്തവ അവധി അനുവദിച്ച് സ്വിഗി

Metrom Australia Oct. 22, 2021

മുംബൈ: തങ്ങളുടെ ഡെലിവറി പാർട്ണർമാരായ സ്ത്രീ ജീവനക്കാർക്ക് മാസത്തിൽ രണ്ടുദിവസം ശമ്പളത്തോടുകൂടിയ ആർത്തവ അവധി അനുവദിക്കുമെന്ന് സ്വിഗി. ആർത്തവകാലത്ത് നിരന്തരം വണ്ടിയിൽ യാത്ര ചെയ്യുന്നത് സ്ത്രീ ജീവനക്കാർക്ക് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന തിരിച്ചറിവിൽ നിന്നാണ് കമ്പനി ആർത്തവ അവധി എന്ന തീരുമാനത്തിലേക്ക് എത്തിയത്. ഇന്നലെ പുറപ്പെടുവിച്ച വാർത്താക്കുറിപ്പിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കി.

നിലവിൽ അധികം സ്ത്രീകൾ ഒന്നും ഡെലിവറി രംഗത്തേക്ക് കടന്നു വരുന്നില്ല. ഈ സാഹചര്യത്തിലാണ് വമ്പൻ പരിഷ്കാരം ലക്ഷ്യമിട്ടുകൊണ്ട് കമ്പനി തീരുമാനത്തിലെത്തിയത്. തങ്ങളുടെ റെഗുലർ ഡെലിവറി പാർട്ണർമാരായ സ്ത്രീകൾക്ക് ആർത്തവകാലത്ത് അവധി എടുക്കുന്നതിന് കാരണം ബോധിപ്പിക്കേണ്ട ആവശ്യവുമില്ല. സ്വിഗിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഡെലിവറി പാർട്ണർമാരിൽ 99 ശതമാനം സ്ത്രീകളും 45 വയസ്സിൽ താഴെ പ്രായമുള്ളവരാണ്. ഇതിൽ തന്നെ 89 ശതമാനം പേരും അമ്മമാരാണ്. ആയിരത്തോളം സ്ത്രീകളാണ് സ്വിഗിയുടെ ഡെലിവറി പാർട്ണർമാരായി പ്രവർത്തിക്കുന്നത്.

ഷാരൂഖ് ഖാന്റെ വീട്ടിൽ എൻസിബി റെയ്ഡ്

Metrom Australia Oct. 21, 2021

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ മകന്‍ ആര്യന്‍ ഖാനെ മുംബൈ ആര്‍തര്‍ റോഡ് ജയിലിലെത്തി സന്ദര്‍ശിച്ചതിനു പിന്നാലെ ഷാരൂഖ് ഖാന്റെ ബംഗ്ലാവായ മന്നത്തില്‍ എന്‍സിബിയുടെ റെയ്ഡ്. ഒക്ടോബര്‍ രണ്ടിന് ആര്യന്‍ അറസ്റ്റിലായതിനു ശേഷം ആദ്യമായാണ് ഷാരൂഖ് മകനെ നേരിട്ട് കാണുന്നത്. 

ഇന്ന് രാവിലെയാണ് മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ എത്തിയ ഷാരൂഖ് 20 മിനുട്ടോളം മകനോട് സംസാരിച്ചു. പുറത്തു വന്ന ശേഷം മാധ്യമങ്ങളോട് ഒന്നും പറഞ്ഞിരുന്നില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജയിലുകളില്‍ സന്ദര്‍ശനത്തിന് നടപ്പാക്കിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിന് പിന്നാലെയാണ് താരത്തിന്റെ ജയില്‍ സന്ദര്‍ശനം. രണ്ട് കുടുംബാംഗങ്ങള്‍ക്ക് തടവുകാരനെ കാണാന്‍ കഴിയുന്ന തരത്തിലാണ് ഇപ്പോഴത്തെ ഇളവുകള്‍.

അതേസമയം യുവ ബോളിവുഡ് നടി അനന്നയ പാണ്ഡെയുടെ വീട്ടിലും എൻസിബി റെയ്ഡ് നടത്തി. അനന്യയെ പിന്നീട് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. നേരത്തെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനിരിക്കുന്ന യുവ നടിയുമായുള്ള താരപുത്രന്റെ വാട്‌സ്ആപ്പ് ചാറ്റുകൾ എന്‍സിബി കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ നടി അനന്യ പാണ്ഡെയായിരുന്നെന്നാണ് വിവരം, ആര്യനുള്‍പ്പടെയുള്ള സംഘം പിടിയിലാവുന്നതിന് തൊട്ടുമുന്‍പ് ഒക്ടോബർ രണ്ടിന് ആര്യനും യുവനടിയും തമ്മില്‍ ലഹരിയെക്കുറിച്ച് നടന്ന ആശയവിനിമയം എന്ന് എന്‍സിബി അവകാശപ്പെടുന്ന സന്ദേശങ്ങളാണ് കോടതിയില്‍ ഹാജരാക്കപ്പെട്ടത്. ആര്യനും ചില ലഹരി സംഘങ്ങളും തമ്മിലെ ഇടപാടുകളുടെ സന്ദേശങ്ങളും ഇത്തരത്തില്‍ കോടതിക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.

നാഴികകല്ല് പിന്നിട്ട് ഇന്ത്യ; കോവിഡ് വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം നൂറ് കോടി കവിഞ്ഞു

Metrom Australia Oct. 21, 2021

ഇന്ത്യയില്‍ കോവിഡ് വാക്‌സീന്‍ സ്വീകരിച്ചവരുടെ എണ്ണം 100 കോടി കവിഞ്ഞു. വ്യാഴാഴ്ച രാവിലെ 9.48നാണ് രാജ്യം സുപ്രധാന നാഴികകല്ല് പിന്നിടുന്നത്. രാജ്യത്ത് വാക്‌സിന്‍ യജ്ഞം ആരംഭിച്ച് 9 മാസം പിന്നിടുമ്പോഴാണ് ജന സംഖ്യയില്‍ നൂറ് കോടിയിലധികം ഒരു ഡോസ് വാക്‌സിന്‍ എങ്കിലും സ്വീകരിക്കുന്ന നില ഉണ്ടാവുന്നത്. 

ഇന്ത്യ അഭിമാനകരമായ നേട്ടം കൈവരിച്ചതായി ആരോഗ്യമന്ത്രി മണ്‍സൂഖ് മാണ്ഡവ്യ അറിയിച്ചു. 'അഭിനന്ദനങ്ങള്‍ ഇന്ത്യ!' എന്ന ട്വീറ്റിനൊപ്പമായിരുന്നു ആരോഗ്യമന്ത്രി പ്രഖ്യാപനം നടത്തിയത്'. വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് മുന്നോടിയായി 44 ലക്ഷം പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. സെക്കന്റിന്‍ 700 പേര്‍ എന്ന നിലയിലാണ് രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വാക്‌സിന്‍ നല്‍കിയിരുന്നത്. ഇന്ത്യയുടെ ചരിത്ര നേട്ടം ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.

ഇതിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും. ചരിത്ര നേട്ടം കുറിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തി. ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതിനായാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്. ഇന്ത്യ ചരിത്രം കുറിച്ചിരിക്കുന്നു എന്നായിരുന്നു നേട്ടത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ട്വിറ്ററിലായിരുന്നു പ്രതികരണം. ഇന്ത്യ ചരിത്രം കുറിക്കുന്നു. ഇന്ത്യന്‍ ശാസ്ത്ര മേഖലയുടെ ഒരു വലിയ വിജയത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്. 130 കോടി വരുന്ന ഇന്ത്യക്കാരുടെ കൂട്ടായ്മയുടെ കൂടി വിജയമാണിത്. വാക്‌സിനേഷനില്‍ നൂറ് കോടി പിന്നിട്ട രാജ്യത്തെ അഭിനന്ദിക്കുകയാണ്. ഇതിനായി പ്രവര്‍ത്തിച്ച ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമുള്‍പ്പെടെ എല്ലാവര്‍ക്കും നന്ദിയെന്ന് അദ്ദേഹം കുറിച്ചു. അതേസമയം ഇന്ത്യയുടെ നേട്ടത്തെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടനയും രംഗത്ത് എത്തി.

ബിസിനസ് രംഗത്തിന് കൂടുതൽ സാമ്പത്തിക പിന്തുണയുമായി NSW

Metrom Australia Oct. 21, 2021

ബിസിനസ് രംഗത്തിന് കൂടുതൽ സാമ്പത്തിക പിന്തുണ ലഭ്യമാക്കുമെന്ന് ന്യൂ സൗത്ത് വെയിൽസ് സർക്കാർ അറിയിച്ചു. നേരത്തെ വിനോദ സഞ്ചാര രംഗത്തിനും ഇവെന്റ്സ് മേഖലക്കും 530 മില്യൺ ഡോളർ സഹായ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെയാണ് ബിസിനസുകൾക്ക് കൂടുതൽ സഹായം ഉണ്ടാകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരിക്കുന്നത്.

സംസ്ഥാനത്തെ ഹോട്ടലുകളിൽ താമസിക്കുന്നതിനായി $50 സ്റ്റേ ആൻഡ് ഡിസ്കവർ വൗച്ചർ നൽകുമെന്നാണ് NSW അറിയിച്ചിരിക്കുന്നത്. 18 വയസിന് മേൽ പ്രായമുള്ളവർക്കായിരിക്കും വൗച്ചറിന് അർഹതയുണ്ടാവുക.

അതേസമയം സംസ്ഥാനത്ത് 372 പുതിയ കോവിഡ് കേസുകളും ഒരു കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തു. വിദേശത്ത് നിന്ന് തിരിച്ചെത്തിയ രണ്ട് പേരിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളതായും അധികൃതർ വ്യക്തമാക്കി.

ഹോസ്പിറ്റാലിറ്റി മേഖലയിൽ വാക്സിനെടുത്തവർക്ക് മാത്രം ജോലിയെന്ന് വിക്ടോറിയ

Metrom Australia Oct. 21, 2021

വിക്ടോറിയയിലെ ഹോസ്പിറ്റാലിറ്റി മേഖലയിലെ ജീവനക്കാർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിക്കണമെന്ന സർക്കാർ പ്രഖ്യാപനം ആശങ്കയ്ക്ക് വക നൽകിയിരിക്കുകയാണ്. ലോക്ക്ഡൗൺ അവസാനിച്ച് ഹോസ്പിറ്റാലിറ്റി മേഖല തുറന്ന് പ്രവർത്തിക്കാനിരിക്കെയാണ് സർക്കാർ നിലപാട് കടുപ്പിച്ചത്. 

ഇളവുകൾ നൽകുന്നതിൻ്റെ ഭാഗമായി ഹോസ്പിറ്റാലിറ്റി മേഖലയിലും കെട്ടിടത്തിനുള്ളിൽ പൂർണമായും വാക്‌സിൻ സ്വീകരിച്ച 20 പേർക്ക് ഒത്തുചേരാമെന്നും സർക്കാർ അറിയിച്ചിരുന്നു. ഇതിനിടെയാണ് മേഖലയിലെ ജീവനക്കാർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിക്കണമെന്നത് നിർബന്ധമാക്കിയത്. നേരത്തെ ആദ്യ ഡോസിനുള്ള അവസാന തീയതി ഒക്ടോബർ 22 ഉം രണ്ടാം ഡോസിന് നവംബർ 26 ഉം ആയിരുന്നു. ഇതിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. അതേസമയം രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച ഉപഭോക്താക്കൾക്ക് മാത്രം പ്രവേശനം അനുവദിക്കുന്ന ഹോസ്പിറ്റാലിറ്റി മേഖലയിൽ, ജീവനക്കാർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിക്കേണ്ടത് ആവശ്യമാണെന്ന് വിക്ടോറിയൻ കോവിഡ് കമാണ്ടർ ജെറോം വീമർ പ്രതികരിച്ചു.