കോമൺവെൽത്ത് ​ഗെയിംസ്: വനിത ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്ക് സ്വർണ്ണം

Metrom Australia Aug. 8, 2022

കോമൺവെൽത്ത് ​ഗെയിംസ് വനിത ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്ക് സ്വർണ്ണം. ഫൈനലില്‍ 9 റണ്‍സിന് ഇന്ത്യയെ തോൽപിച്ചാണ് ഓസീസ് സ്വർണ്ണം അണിഞ്ഞത്. 

ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങിൽ ഇന്ത്യക്ക് 152 റൺസിൽ അവസാനിപ്പിക്കേണ്ടി വന്നു. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 65 റൺസ് നേടിയെങ്കിലും ഇന്ത്യയെ തോൽവിയിൽ നിന്ന് രക്ഷിക്കാനായില്ല. ഇന്ത്യ ആൾ ഔട്ടാവുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ജെമിമ റോഡ്രിഗസിനൊപ്പം 96 റൺസ് കൂട്ടിച്ചേർത്ത ഹർമൻപ്രീതിന് 33 റൺസിൽ വിക്കറ്റ് നഷ്ടമായി. ഹർമൻപ്രീത്, പൂജ വസ്ത്രാകർ എന്നിവരെ ആഷ്‌ലീ ഗാർഡ്‌നറുടെ തുടർച്ചയായ പന്തിൽ പുറത്തായി.

ശാസ്ത്രജ്ഞരുടെ ഉന്നത ബോഡിക്ക് വനിത മേധാവി

Metrom Australia Aug. 8, 2022

ന്യൂഡല്‍ഹി: ഇന്ത്യയിലെ 38 ഗവേഷണ സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യത്തെ നയിക്കുന്ന കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ (സി.എസ്.ഐ.ആര്‍) ഡയറക്ടര്‍ ജനറലായി മുതിര്‍ന്ന ശാസ്ത്രജ്ഞയായ നല്ലതമ്പി കലൈശെല്‍വിയെ നിയമിച്ചു. ചരിത്രത്തിലാദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തേക്കെത്തുന്നത് എന്നതാണ് പ്രത്യേകത.

സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് വകുപ്പ് സെക്രട്ടറിയായും കലൈശെല്‍വി ചുമതലയേല്‍ക്കും. തമിഴ്നാട്ടിലെ തിരുനെല്‍വേലിക്കടുത്ത് അംബാസമുദ്രം സ്വദേശിനിയായ കലൈശെല്‍വിയുടെ നിയമനം രണ്ട് വര്‍ഷത്തേക്കാണ്. ലിഥിയം അയണ്‍ ബാറ്ററികളുടെ മേഖലയിലെ പ്രവര്‍ത്തനത്തിന് പേരുകേട്ട കലൈശെല്‍വി തമിഴ്‌നാട്ടിലെ കാരൈക്കുടിയിലുള്ള ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്നു.

2019 ഫെബ്രുവരിയില്‍ സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (CSIR-CECRI) മേധാവിയായ ആദ്യ വനിതാ ശാസ്ത്രജ്ഞയായി ചരിത്രം കുറിച്ച വനിത കൂടിയാണ് കലൈശെല്‍വി. ഇതേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്‍ട്രി ലെവല്‍ സയന്റിസ്റ്റായായിട്ടായിരുന്നു ഗവേഷണത്തില്‍ അവര്‍ കരിയര്‍ ആരംഭിച്ചത്. അവരുടെ ക്രെഡിറ്റില്‍ 125 ലധികം ഗവേഷണ പ്രബന്ധങ്ങളും ആറ് പേറ്റന്റുകളും ഉണ്ട്.

നോർത്ത് വെസ്റ്റ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ആഗസ്റ്റ് 27ന്

Metrom Australia Aug. 8, 2022

സിഡ്നി: നോർത്ത് വെസ്റ്റ് മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം ആഗസ്റ്റ് 27ന്. ബ്ലാക്‌ടൗൺ ക്രൊയേഷൻ ചർച്ച് ഹാളിലാണ്  (70 ഡഗ്ലസ് റോഡ്) പരിപാടി നടക്കുക.

ഓണസദ്യയോടൊപ്പം പിന്നണി ഗായകരായ ശ്രീനാഥ് ശിവ ശങ്കരൻ, മൃദുല വാര്യർ, സരിഗമപ 2020 വിജയി ലിബിൻ എന്നിവർ നയിക്കുന്ന മ്യൂസിക്കൽ ഷോ, സിനിമ താരം സരയു നയിക്കുന്ന നൃത്താവിഷ്കാരം, സിഡ്നിയിലെ കലാകാരൻമാർ നടത്തുന്ന ചെണ്ടമേളം, തിരുവാതിര, ഫാൻസിഡ്രസ്, അത്തപൂക്കളം തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.
ഓണാഘോഷം വിപുലമായ രീതിയിൽ നടത്തുവാൻ പ്രസിഡന്റ് മൊയ്തീൻ ഹബീബിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി സജീവമായി കഴിഞ്ഞു.

എസ്എസ്എല്‍വി ദൗത്യം പരാജയം

Metrom Australia Aug. 8, 2022

ചെന്നൈ: ഐഎസ്ആര്‍ഒയുടെ ചെറുഉപഗ്രഹ വിക്ഷേപണ ദൗത്യം പരാജയപ്പെട്ടു. രണ്ട് ഉപഗ്രഹങ്ങളും നിശ്ചിത ഭ്രമണപഥത്തില്‍ എത്തിക്കാനായില്ല. ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തനക്ഷമമാകില്ലെന്ന് ഐഎസ്ആര്‍ഒ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 

വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തില്‍ മുന്‍ നിശ്ചയിച്ച യാത്രാപഥത്തില്‍ വ്യതിയാനം ഉണ്ടായതോടെ ഉപഗ്രഹങ്ങളില്‍ നിന്നുള്ള സിഗ്നലുകള്‍ ഭൂമിയിലെത്തിയില്ല. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നും 9.18നാണ് എസ്എസ്എല്‍വി കുതിച്ചുയര്‍ന്നത്. ആദ്യ ഘട്ടത്തില്‍ ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ട് പോയി. വിക്ഷേപണം ആരംഭിച്ച് 10 മിനിറ്റിനും 42 സെക്കന്‍ഡും എത്തിയതോടെ റോക്കറ്റിന്റെ സഞ്ചാര രേഖയില്‍ നിന്നും മാറ്റമുണ്ടായി. 

നാലാം ഘട്ടമായ വിടിഎം പ്രവര്‍ത്തനത്തിലുണ്ടായ പാളിച്ചയാണ് പ്രശ്‌നമായെന്നാണ് പ്രാഥമിക നിഗമനം. ദ്രവ എന്‍ജിന്‍ ഉപയോഗിച്ചു റോക്കറ്റിന്റെ വേഗത നിയന്ത്രിക്കുന്ന വെലോസിറ്റി ട്രിമിങ് മൊഡ്യൂള്‍ നിശ്ചയിച്ച പോലെ നടന്നില്ല. ഇതോടെ ഉദ്ദേശിച്ച ഭ്രമണപഥത്തില്‍ നിന്ന് തെന്നിമാറിയെന്നാണ് സൂചന. ഇന്ത്യയുടെ ആദ്യത്തെ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ വാഹനമായിരുന്നു എസ്എസ്എല്‍വി.

എസ്എസ്എൽവി ഇന്ന് വിക്ഷേപിക്കും

Metrom Australia Aug. 7, 2022

ചെന്നൈ: സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ, എസ്എസ്എൽവി, ഐഎസ്ആർഒയുടെ പുതിയ റോക്കറ്റിന്‍റെ ആദ്യ വിക്ഷേപണമാണ് ഇന്ന് നടക്കുക. ഐഎസ്ആർഒയുടെ എറ്റവും വിശ്വസ്ത വിക്ഷേപണ വാഹനമാണ് പിഎസ്എൽവിയേക്കാൾ ചെറിയൊരു പുതിയ റോക്കറ്റ് വികസിപ്പിച്ചിരിക്കുകയാണ് ഐഎസ്ആർഒ. അതാണ് എസ്എസ്എൽവി. 
എസ്എസ്എൽവിയുടെ ഉയരം 34 മീറ്ററും വ്യാസം 2 മീറ്ററുമാണ്. ഭാരം 120 ടൺ ആണ്.

എസ്എസ്എൽവി പൂർണമായും ഖര ഇന്ധനമാണ് ഉപയോഗിക്കുന്നത്. മൂന്ന് ഘട്ടങ്ങളാണ് ഈ റോക്കറ്റിനുള്ളത്. Hydroxyl-terminated polybutadiene ആണ് ഈ ഖര ഇന്ധനം. മൂന്ന് ഘട്ടങ്ങൾക്ക് പുറമേ ഉപഗ്രഹങ്ങൾ സ്ഥാപിക്കുന്ന പീഠത്തിന്റെ അടിയിൽ ദ്രവീകൃത ഇന്ധനമുപയോഗിക്കുന്ന ഒരു പ്രവേഗ നിയന്ത്രണ സംവിധാനം കൂടിയുണ്ട്.

ഇങ്ങനെയൊരു ചെറിയ റോക്കറ്റ് വികസിപ്പിച്ചതിന്‍റെ പ്രധാന ലക്ഷ്യം, സമയവും പണവും ലാഭിക്കലാണ്. പിഎസ്എൽവിയെക്കാൾ കുറഞ്ഞ ചിലവിൽ വിക്ഷേപണം നടത്താമെന്ന് മാത്രമല്ല, അതിനെക്കാൾ വേഗത്തിൽ റോക്കറ്റ് നിർമ്മാക്കാനും സാധിക്കും. എസ്എസ്എൽവി വിക്ഷേപണത്തിന് തയ്യാറാക്കാൻ ഒരാഴ്ച മാത്രം മതി.

2016ലെ നാഷണൽ സ്പേസ് സയൻസ് സിമ്പോസിയത്തിലാണ് പിഎസ്എൽവിയെക്കാൾ ചെറിയ വിക്ഷേപണ വാഹനമെന്ന ആശയം വരുന്നത്. 2019 അവസാനത്തോടെ ആദ്യ വിക്ഷേപണം നടത്തി. 2020 മുതൽ വാണിജ്യ ദൗത്യങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം. കോവിഡ് അടക്കമുള്ള കാരണങ്ങൾ മൂലം വൈകിയതാണ്.