റൂഡി കേര്‍സ്റ്റന്‍ കാറപകടത്തില്‍ മരിച്ചു

Metrom Australia Aug. 10, 2022

കേപ്ടൗണ്‍: മുൻ അന്താരാഷ്ട്ര അംപയർ റൂഡി കേര്‍സ്റ്റന്‍(73) കാറപകടത്തില്‍ മരിച്ചു. കേപ്ടൗണില്‍ ഗോള്‍ഫ് മത്സരങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് തിരിക്കുമ്പോഴാണ് അപകടം സംഭവിക്കുന്നത്. 

മരണവാര്‍ത്ത അദ്ദേഹത്തിന്റെ മകന്‍ റൂഡി കേര്‍സ്റ്റന്‍ ജൂനിയര്‍ സ്ഥിരീകിരിച്ചു. ''അദ്ദേഹം സുഹൃത്തുക്കളുമായി ഗോള്‍ഫ് ടൂര്‍ണമെന്റിന് പോയതായിരുന്നു. തിങ്കളാഴ്ച്ച മടങ്ങിവരാനായിന്നു അവരുടെ പദ്ധതി. എന്നാല്‍ മറ്റൊരു റൗണ്ട് കൂടി കളിച്ച് തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്.'' മകന്‍ പറഞ്ഞു. അതേസമയം അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേരും അപകടത്തില്‍ മരിച്ചെന്നാണ് വാര്‍ത്തകള്‍. 

1981ലാണ് കേര്‍സ്റ്റണ്‍ അംപയറിംഗ് കരിയര്‍ ആരംഭിക്കുന്നത്. സ്റ്റീവ് ബക്‌നര്‍ക്ക് ശേഷം ഏറ്റവും 100ല്‍ കൂടുതല്‍ ടെസ്റ്റുകള്‍ നിയന്ത്രിക്കുന്ന അംപയറായി കേര്‍സ്റ്റണ്‍ മാറിയിരുന്നു. 108 ടെസ്റ്റുകള്‍ക്കൊപ്പം 209 ഏകദിനങ്ങളും അദ്ദേഹം നിയന്ത്രിച്ചു. 14 ടി20 മത്സരങ്ങളിലും അദ്ദേഹം അംപയറായി. അടുത്തകാലം വരെ ഏറ്റവും കൂടുതല്‍ ഏകദിനങ്ങള്‍ നിയന്ത്രിച്ച അംപയറും കേര്‍സ്റ്റണായിരുന്നു. പിന്നീട് അലീം ദാര്‍ കേര്‍സ്റ്റണെ മറികടന്നു.

ഹരാരെയില്‍ 2010 ജൂണ്‍ ഒമ്പതിന് സിംബാബ്‌വെ- ശ്രീലങ്ക മത്സരമാണ് കേര്‍സ്റ്റണ്‍ അവസാനമായി നിയന്ത്രിച്ച ഏകദിനം. അതേവര്‍ഷം ലീഡ്‌സില്‍ പാകിസ്ഥാന്‍- ഓസ്‌ട്രേലിയ ടെസറ്റ് മത്സരവും നിയന്ത്രിച്ച് അദ്ദേഹം കരിയര്‍ അവസാനിപ്പിച്ചു. അതേസമയം ദക്ഷിണാഫ്രിക്കന്‍ റയില്‍വെ ജീവനക്കാരനായിരുന്ന അദ്ദേഹം 2010ല്‍ വിരമിക്കുകയും ചെയ്തു.

എട്ടാം തവണ ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാർ; സത്യപ്രതിജ്ഞ ഇന്ന് ഉച്ചയ്ക്ക്

Metrom Australia Aug. 10, 2022

പട്ന: ബിഹാറിൽ പുതിയ സർക്കാർ ഇന്ന് അധികാരമേൽക്കും. ജനതാദൾ യുനൈറ്റഡ് (ജെഡിയു) നേതാവ് നിതീഷ് കുമാർ എട്ടാം തവണയു ബിഹാര്‍ മുഖ്യമന്ത്രിയായി ഉച്ചയ്ക്ക് രണ്ട് മണിക്ക്

സത്യപ്രതിജ്ഞ ചെയ്യും. ആർജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും. കോണ്‍ഗ്രസും മന്ത്രിസഭയുടെ ഭാഗമാകും. ഇടത് പാര്‍ട്ടികളേയും ചെറുകക്ഷികളേയും പരിഗണിക്കുമെന്നാണ് സൂചന.

ബിജെപിയുമായുള്ള കടുത്ത ഭിന്നതയെ തുടർന്നാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചത്. ബിജെപിയുമായുള്ള സഖ്യം പാര്‍ട്ടിയെ ദുര്‍ബലമാക്കിയെന്ന ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്താണ് എന്‍ഡിഎ വിട്ടതെന്ന് നിതീഷ് കുമാര്‍ പ്രതികരിച്ചിരുന്നു.എന്നാൽ ചതി ജനം പൊറുക്കില്ലെന്നും, നിതീഷിന്‍റെ മുഖ്യമന്ത്രി സ്ഥാനം ഔദാര്യമായിരുന്നുവെന്നുമാണ് ബിജെപി കേന്ദ്രനേതൃത്വം മറുപടി നൽകിയത്. 

ഇതിനിടയിലാണ് ആര്‍ജെഡിയുടെയും കോൺഗ്രസിന്‍റെയും ഇടതുപക്ഷത്തിന്‍റെയും പിന്തുണയോടെ നിതീഷിന്‍റെ നേതൃത്വത്തില്‍ വിശാലസഖ്യ സര്‍ക്കാര്‍ അധികാരത്തിലേറുന്നത്. നിതീഷ് കുമാറിനെ അനുനയിപ്പിക്കാന്‍ അവസാന വട്ട ശ്രമവും പരാജയമായിരുന്നു. അമിത് ഷാ തന്നെ ഇടപെട്ട് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആ നീക്കവും പാളി.

‘ബിയോന്‍ഡ് ദി ഫെയറിടെയില്‍’ പ്രഖ്യാപിച്ച് നെറ്റ്ഫ്‌ളിക്‌സ്

Metrom Australia Aug. 10, 2022

തെന്നിന്ത്യ ഏറ്റവും കൂടുതല്‍ ആഘോഷിച്ച വിവാഹമായിരുന്നു നയന്‍താരയുടെയും വിഘ്‌നേഷിന്റെയും. എന്നാൽ ഇപ്പോൾ ഇരുവരുടെയും പ്രണയവും വിവാഹവും ആവിഷ്‌കരിക്കുന്ന ‘നയന്‍താര ബിയോന്‍ഡ് ദി ഫെയറിടെയില്‍’ എന്ന പേരിലുള്ള ഡോക്യുമെന്ററി പ്രഖ്യാപിച്ചിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ്. ഗൗതം വാസുദേവമേനോൻ സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററി നിർമിക്കുന്നത് നയന്‍താരയുടെയും വിഘ്‌നേഷിന്റെയും ഉടമസ്ഥതയിലുള്ള റൗഡി പിക്‌ചേഴ്‌സാണ്. ഇതിന്റെ ഭാഗമായി നെറ്റ്ഫ്‌ളിക്‌സ് പുറത്ത് വിട്ട് റീല്‍സ് വൈറലാവുകയാണ്.

വിഘ്‌നേഷിനൊപ്പം ജോലി ചെയ്യണമെന്ന് മാത്രമാണ് ചിന്തിച്ചത്, എന്നാല്‍ ഇപ്പോള്‍ വിഘ്‌നേഷിന്റെ സ്‌നേഹം എന്താണെന്ന് മനസിലാക്കിയിരിക്കുന്നു എന്നാണ് നയന്‍താര റീൽസിൽ പറയുന്നത്. ഒരു സ്ത്രീ എന്ന നിലയില്‍ നയന്‍താരയുടെ നേച്ചര്‍ എനിക്ക് ഇഷ്ടമായിരുന്നു. അവളുടെ സ്വഭാവം തന്നെ വളരെ പ്രചോദനമേകുന്നതാണ്. അവളുടെ മനസിനും വളരെ സൗന്ദര്യമാണ്, എന്നാണ് വിഘ്‌നേഷ് പറയുന്നത്.

കൗണ്ട്ഡൗണ്‍ ആരംഭിച്ചിരിക്കുന്നുവെന്ന് സെറീന വില്യംസ്

Metrom Australia Aug. 10, 2022

ന്യൂയോര്‍ക്ക്: ടെന്നിസിന് വിരാമമിടുന്നുവെന്ന സൂചന നല്‍കി അമേരിക്കന്‍ താരം സെറീന വില്യംസ്. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സെറീന സൂചന നല്‍കിയത്. 

"‍ടെന്നീസ് കരിയര്‍ വേണ്ടുവോളം ആസ്വദിച്ചു. എന്നാലിപ്പോള്‍ കൗണ്ട്ഡൗണ്‍ ആരംഭിച്ചിരിക്കുന്നു. ഏറ്റവും ഇഷ്ടമുള്ള ഒന്നില്‍ നിന്ന് വിട്ടുനില്‍ക്കുയെന്നുള്ളത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഞാനൊരു അമ്മയാണ്. മകളുടെ കാര്യത്തില്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടാം.'' - എന്ന് സെറീന ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു. 

പരിക്കേറ്റതിനെ തുടര്‍ന്ന് ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം ഇക്കഴിഞ്ഞ വിംബിള്‍ഡണില്‍ സെറീന കളിച്ചിരുന്നു. വിംബിള്‍ഡണിന് ശേഷം കഴിഞ്ഞ ദിവസം സെറീന ടൊറന്റോ ഓപ്പണില്‍ കളിച്ചിരുന്നു. രണ്ടാം റൗണ്ടില്‍ സ്പാനിഷ് താരം നൂരിയ പരിസാസ് ഡയസിനെ തോല്‍പ്പിക്കുകയും ചെയ്തു.

താലിയ മക്ഗ്രാത്തിന് കോവിഡ്; വിവാദത്തിലായി ഓസീസ്

Metrom Australia Aug. 9, 2022

ബര്‍മിംഗ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കെതിരായ ക്രിക്കറ്റ് ഫൈനലില്‍ ഓസ്ട്രേലിയന്‍ താരമായ താലിയ മക്ഗ്രാത്തിനെ കളത്തിലിറക്കിയത് വിവാദത്തിൽ. കോവിഡ് പ്രോട്ടോക്കോള്‍ എല്ലാം കാറ്റില്‍ പറത്തി വൈറസ് ബാധിതയായ ഒരു താരത്തെ കളിക്കാന്‍ അനുവദിക്കുന്നതും മറ്റുള്ളവരുമായി ഇടപഴകാന്‍ വഴിയൊരുക്കിയതുമാണ് വിവാദത്തിലായിരിക്കുന്നത്. 

താലിയ മക്ഗ്രാത്തിന് കോവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കം കളത്തിലിറക്കിയത്. 
ഐസിസിയും ഗെയിംസ് അധികൃതരും ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. തുടക്കത്തിൽ മാസ്‌ക് ഇട്ട് പവലിയനില്‍ ഇരുന്ന താലിയ മക്ഗ്രാത്ത് ഗ്രൗണ്ടിലെത്തി ബാറ്റുചെയ്യുകയും 4 പന്തില്‍ 2 റൺസെടുത്ത് മടങ്ങുകയും ചെയ്തു. പിന്നാലെ ഫീല്‍ഡിംഗിലും താലിയ പങ്കെടുത്തത് അമ്പരപ്പിച്ചു. 

അക്ഷരാര്‍ത്ഥത്തിൽ ഇരട്ടനീതിയാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നടപ്പിലായത്. ഇന്ത്യയുടെ പി വി സിന്ധു ഇംഗ്ലണ്ടിലെത്തിയപ്പോള്‍ 10 ദിവസത്തേക്ക് കോവിഡ് ബാധിതയെന്ന് സംശയിച്ച് ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു. സിന്ധു കോവിഡ് രോഗിയേ ആയിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ താലിയ മക്ഗ്രാത്ത് കോവിഡ് പോസിറ്റീവാണ് എന്ന് സ്ഥിരീകരിച്ച ശേഷവും ഗെയിംസ് അധികൃതര്‍ അവരെ മത്സരിക്കാന്‍ അനുവദിക്കുകയും ചെയ്‌തത് വിമർശനം ഉയരുന്നത്.