ബട്ലറുടെ ഭാര്യ: പ്രതികരണവുമായി ലാറ വാൻ ഡർ ദസ്സൻ
അഹമ്മദാബാദ്: ഈ ഐപിഎൽ സീസണിലെ റൺവേട്ടക്കാരിൽ ഒന്നാമനാണ് രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലീഷ് താരം ജോസ് ബട്ലർ. 16 കളിയിൽ 4 സെഞ്ചറി അടക്കം 824 റൺസാണ് സീസണിൽ ഇതുവരെ ബ്ട്ലർ നേടിയത്.
ബട്ലർ വമ്പൻ ഇന്നിങ്സുകൾ കാഴ്ചവയ്ക്കുമ്പോഴൊക്കെ, രാജസ്ഥാൻ റോയൽസ് താരങ്ങളുടെ കുടുംബാംഗങ്ങൾ ഇരിക്കുന്ന ബോക്സിലേക്കാകും ടിവി ക്യാമറയുടെ ഫോക്കസ്. അവിടെ രാജസ്ഥാൻ റോയൽസ് ജഴ്സിയിൽ ടീമിനു പ്രോത്സാഹനം നൽകുന്ന ലാറ വാൻ ഡർ ദസ്സനെ ബട്ലറുടെ ഭാര്യയായാണ് ഒട്ടേറെ ആരാധകർ 'തെറ്റിദ്ധരിച്ചിരിക്കുന്നത്'. യഥാർഥത്തിൽ രാജസ്ഥാൻ റോയൽസിലെ ദക്ഷിണാഫ്രിക്കൻ താരം റാസ്സി വാൻ ഡർ ദസ്സന്റ ഭാര്യയാണ് ലാറ. ലൂയ്സെ വെബ്ബാറാണു ജോസ് ബട്ലറുടെ ഭാര്യ.
തന്നെയും ബട്ലറെയും ചേർത്തുള്ള ആരാധകരുടെ ഈ ആശയക്കുഴപ്പത്തെക്കുറിച്ച് ലാറ പ്രതികരിച്ചത് ഇങ്ങനെ, 'ഞാൻ ജോസ് ബട്ലറുടെ ഭാര്യയാണെന്നാണ് ആളുകൾ ധരിച്ചിരിക്കുന്നത്. കുറച്ചധികം തവണ ഞാൻ ക്യാമറയിൽ പ്രത്യക്ഷപ്പെട്ടതുകൊണ്ടാണിത് എന്നാണ് കരുതുന്നത്. മത്സരത്തിനിടെ ടീമിനായി ആർപ്പുവിളിക്കണം എന്നത് ധനശ്രീക്കും എനിക്കും നിർബന്ധമാണ്. ജോസ് ബട്ലർ സെഞ്ചറി നേടുമ്പോൾ സംഭവിക്കുന്നതും ഇതുതന്നെ. ഇതുകാണുമ്പോഴാകും ഞാൻ ബട്ലറുടെ ഭാര്യയാണെന്ന് ആരാധകർ കരുതുന്നത്. എന്തായാലും സംഭവം കൊള്ളാം.
റാസിക്ക് ഐപിഎല്ലിൽ കാര്യമായ മത്സരങ്ങൾ കളിക്കാനായിട്ടില്ലല്ലോ. അതുകൊണ്ട് റാസ്സിക്കു പ്രോത്സാഹനം നൽകാൻ എനിക്കു കഴിയുന്നില്ല. അതുകൊണ്ട് തൽക്കാലം ബട്ലറിനായുള്ള പ്രോത്സാഹനം ഞാൻ സ്വീകരിക്കുകയാണ്, അത് ആസ്വദിക്കുകയും ചെയ്യുന്നു' ലാറ പറഞ്ഞു.