ഐപിഎല്ലില്‍ പങ്കെടുത്ത രണ്ട് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ തിരിച്ചെത്തി; യാത്രാവിലക്ക് മറികടക്കാനുള്ള പഴുത് അടച്ചു

Metrom Australia April 30, 2021 GOVERNMENT

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയെങ്കിലും ഐപിഎലില്‍ പങ്കെടുത്തിരുന്ന രണ്ട് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഇന്നലെ തിരിച്ചെത്തി. കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍, ആദം സാംപ എന്നിവരാണ് വിലക്ക് നിലവില്‍ വന്ന ശേഷവും രാജ്യത്തേക്ക് തിരിച്ചെത്തിയത്. ഇതിനു പുറമേ മറ്റു ചില യാത്രക്കാരും  ഇതേ മാര്‍ഗ്ഗത്തിലൂടെ ഓസ്‌ട്രേലിയയിലേക്ക് എത്തിയിട്ടുണ്ട്. ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍, ദോഹ വഴിയായിരുന്നു ഈ യാത്ര. എന്നാല്‍ സര്‍ക്കാര്‍ വിലക്ക് പ്രഖ്യാപിച്ച ശേഷം ഉണ്ടായിരുന്ന ഒരു പഴുതായിരുന്നു ഇതെന്നും, ആ പഴുത് ഇപ്പോള്‍ അടച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പറഞ്ഞു.

ദോഹ, ദുബൈ, സിംഗപ്പൂര്‍, ക്വാലാലംപൂര്‍ എന്നീ വിമാനത്താവളങ്ങള്‍ വഴി ട്രാന്‍സിറ്റ് വിമാനങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ വരുന്നത് നിര്‍ത്തലാക്കുമെന്ന് ചൊവ്വാഴ്ച പ്രധാനമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ ദോഹ വഴി യാത്ര ചെയ്യാന്‍ ഖത്തര്‍ എയര്‍വേയ്‌സ് പിന്നീട് അനുവദിച്ചിരുന്നു. 48 മണിക്കൂറിനുള്ളിലെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് ഇന്ത്യയില്‍ നിന്ന് ദോഹ വഴി യാത്ര ചെയ്യാം എന്നായിരുന്നു ഖത്തര്‍ എയര്‍വേയ്‌സ് വ്യക്തമാക്കിയത്. എന്നാല്‍, ഈ പഴുത് കണ്ടെത്തിയ ശേഷം ഖത്തര്‍ എയര്‍വേയ്‌സിനെ സര്‍ക്കാര്‍ ബന്ധപ്പെട്ടതായി പ്രധാനമന്ത്രി വ്യക്തമാക്കി. ഈ മാറ്റം വരുത്തുന്നതിന് തൊട്ടുമുമ്പാണ് ക്രിക്കറ്റ് താരങ്ങള്‍ യാത്ര ചെയ്ത വിമാനം ദോഹയില്‍ നിന്ന് പുറപ്പെട്ടതെന്നും, അതിനാലാണ് അവര്‍ക്ക് തിരിച്ചെത്താന്‍ കഴിഞ്ഞതെന്നും നയന്‍ റേഡിയോയോട് അദ്ദേഹം പറഞ്ഞു. ദോഹ വഴി ട്രാന്‍സിറ്റ് ചെയ്ത് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഇനി വരാന്‍ കഴിയില്ല എന്ന് എയര്‍ലൈന്‍സ് ഉറപ്പു നല്‍കിയതായും പ്രധാനമന്ത്രി പറഞ്ഞു.

Related Post