ആസ്ട്രസെനക്ക വാക്സിനെടുത്തവർക്ക് രക്തം കട്ടപിടിക്കുന്നു; ഓസ്ട്രേലിയയിൽ അടിയന്തര യോഗം
ഓക്സ്ഫോര്‍ഡ്-ആസ്ട്രസെനക്ക കോവിഡ് വാക്സിന് അപൂര്‍വമായെങ്കിലും രക്തം കട്ടപിടിക്കലിന് (ത്രോംബോസിസ്) കാരണമാകാമെന്ന് യൂറോപ്യന്‍ യൂണിയനിലെ ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്കി. അപൂര്‍വമായി മാത്രമുണ്ടാകുന്ന പാര്‍ശ്വഫലമാണ് ഇതെങ്കിലും, സ്ത്രീകള്‍ക്കും 60 വയസില്‍ താഴെയുള്ളവര്‍ക്കുമാണ് ഇതിനു സാധ്യത കൂടുതലെന്നും ഏജന്‍സി ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ച് അടിയന്തരമായി പരിശോധിക്കാന്‍ ഓസ്ട്രേലിയന്‍ ആരോഗ്യവകുപ്പിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. ഓസ്ട്രേലിയയുടെ വാക്സിന് വിതരണ നടപടികള്‍ക്ക് രൂക്ഷമായ ഭീഷണിയുയര്‍ത്തുന്ന ഒരു മുന്നറിയിപ്പാണ് ഇതെന്ന് ഫെഡറല്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
യൂറോപ്യന്‍ ഏജന്‍സിയുടെ കണ്ടെത്തലുകള്‍ ഓസ്ട്രേലിയ അടിയന്തരമായി പരിശോധിക്കുന്നുണ്ടെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ പോള്‍ കെല്ലി പറഞ്ഞു. ഓസ്ട്രേലിയന്‍ ടെക്നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷനും, തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷനും (TGA) അടിയന്തര യോഗം ചേര്‍ന്ന് ഇത് പരിശോധിക്കും. വ്യാഴാഴ്ച ചേരുന്ന ദേശീയ ക്യാബിനറ്റ് യോഗത്തില്‍ ഇവരുടെ ശുപാര്‍ശകള്‍ സമര്‍പ്പിക്കുകയും, അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തുടര്‍നടപടികള്‍ തീരുമാനിക്കുകയും ചെയ്യും. ഓസ്ട്രേലിയയില്‍ ഭൂരിഭാഗം പേര്‍ക്കും ആസ്ട്രസെനക്ക വാക്സിന് നല്കാന് തീരുമാനിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്. രണ്ടു ലക്ഷം പേര് വാക്സിനെടുക്കുമ്പോള്‍ അതില്‍ ഒരാള്‍ക്ക് മാത്രമേ രക്തം കട്ടപിടിക്കാന്‍ സാധ്യതയുള്ളൂ എന്നാണ് കണ്ടെത്തലെന്ന് എന്ന് പ്രൊഫ. പോള്‍ കെല്ലി ചൂണ്ടിക്കാട്ടി.