ആര്യന്‍ ഖാന്റെ അറസ്റ്റില്‍ വിമര്‍ശനവുമായി മെഹബൂബ മുഫ്തി

Metrom Australia Oct. 12, 2021 LIFESTYLE

ന്യൂഡൽഹി:ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തതില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ രൂക്ഷവിമർശനവുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി രംഗത്ത്.ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്യാനുള്ള കാരണം അദ്ദേഹത്തിന്റെ സര്‍നെയിം ഖാന്‍ എന്നായതുകൊണ്ടാണെന്നും ഇത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്ന നടപടിയാണെന്നും അവര്‍ ട്വീറ്റ് ചെയ്തു.

നാല് കര്‍ഷകരെ കാറിടിച്ച് കൊലപ്പെടുത്തിയെന്ന് ആരോപണം നേരിടുന്ന കേന്ദ്രമന്ത്രിയുടെ മകനെ അറസ്റ്റ് ചെയ്യുന്നതിന് പകരം  23കാരനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇങ്ങനെ സംഭവിക്കാന്‍ കാരണം അദ്ദേഹത്തിന്റെ സര്‍നെയിം ഖാന്‍ എന്നായതുകൊണ്ടാണ്. വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താന്‍ ബിജെപി മുസ്ലീങ്ങളെ ലക്ഷ്യം വെക്കുകയാണെന്നും അവർ ട്വീറ്റ് ചെയ്തു.  

കഴിഞ്ഞയാഴ്ചയാണ് ആഡംബരക്കപ്പലിലെ പാര്‍ട്ടിക്കിടെ ലഹരി ഉപയോഗിച്ചെന്ന കുറ്റത്തിന് ആര്യന്‍ ഖാനെ എന്‍സിബി അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന് ജാമ്യവും നിഷേധിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് മെഹബൂബ വിമര്‍ശനവുമായി രംഗത്തെത്തിയത്. നാല് കര്‍ഷകരടക്കം എട്ടുപേര്‍ കൊല്ലപ്പെട്ട ലഖിംപുര്‍ ഖേരി സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര അറസ്റ്റിലായത്.

Related Post