24 മണിക്കൂർ നീണ്ടുനിൽക്കുന്ന ഓൺലൈൻ ഓണാഘോഷവുമായി വേൾഡ് മലയാളി കൗൺസിൽ (WMC)

Aug. 19, 2021

സിഡ്‌നി: അറുപന്തഞ്ചോളം ലോക രാജ്യങ്ങളിൽ പ്രാതിനിത്യമുള്ള വേൾഡ് മലയാളി കൗൺസിൽ (WMC) 24 മണിക്കൂർ നീണ്ടുനിൽക്കുന്ന ഓൺലൈൻ ഓണാഘോഷം നടത്തുന്നതിന്റെ അവസാന വട്ട ഒരുക്കങ്ങൾ പൂർത്തീകരിച്ചുകൊണ്ടിരിക്കുകയാണ്. ഈ വരുന്ന സെപ്റ്റംബർ നാലാം (Sep 4, Saturday) തിയതിയാണ് ഓൺലൈൻ പ്ലാറ്റുഫോമായ സൂം വഴി നിരവധി കലാപ്രകടനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഓണാഘോഷം നടത്തുന്നത്.   

വേൾഡ് മലയാളി കൗൺസിലിന്റെ ആറോളം റീജിയനുകൾ ഒത്തുചേർന്നാണ്  ഓണാഘോഷം സംഘടിപ്പിക്കുന്നത്. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ നിന്നും നാലാം തിയതി വൈകിട്ട് 5 മണിക്ക് ആരംഭിച്ച് എല്ലാ WMC റീജിയനുകളിൽ കൂടിയും കടന്ന് 24 മണിക്കൂറിനു ശേഷം അമേരിക്കയിലെ വാഷിംഗ്‌ടൺ DC യിലാണ് ഓണാഘോഷം അവസാനിക്കുന്നത്. ഫാർ ഈസ്റ്റ് ഏഷ്യ & ഓസ്ട്രേലിയ, ഇന്ത്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക തുടങ്ങിയ റീജിയനുകളിലെ WMC അംഗങ്ങൾക്ക് പുറമെ മറ്റ് എല്ലാ മലയാളി അസ്സോസിയേഷനുകളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ലോക റെക്കോർഡിലേക്ക് കയറാൻ സാധ്യതയുള്ള ഈ ഓണാഘോഷം നടത്തപ്പെടുന്നത്. 

24 മണിക്കൂർ എല്ലാ WMC റീജിയനുകളിലേക്കുമായി വിഭജിച്ചു നൽകിയാണ് ഓണ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. കേരള ഗവൺമെന്റിന്റെ ടൂറിസം വകുപ്പിന്റേതുൾപ്പെടെ നിരവധി ലോക രാജ്യങ്ങളിലെ പ്രാദേശിക ഗവൺമെന്റുകളുടെയും ആശംസകളും സഹകരണവും WMC യുടെ ഈ ഉദ്യമത്തിന് ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്.

വേൾഡ് മലയാളി കൗൺസിലിന്റെ എല്ലാ നല്ല പ്രവർത്തനങ്ങളിലും എന്നും താങ്ങും തണലുമായിട്ടുള്ള നല്ലവരായ എല്ലാ അംഗങ്ങളുടെ ഭാഗത്തു നിന്നും ഈ ഓണാഘോഷത്തിന് വേണ്ട എല്ലാവിധ സഹായ സഹകരണങ്ങളും പിന്തുണയും അഭ്യർത്ഥിക്കുന്നതായി WMC ഭാരവാഹികൾ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക് WMC യുടെ വെബ്സൈറ്റ് (www.worldmalayaleecouncil.net) സന്ദർശിക്കാവുന്നതാണ്.

 

Related Post