സുരേഷ് ഗോപിയുടെ 'കാവൽ' നവംബർ 25 മുതൽ സിഡ്‌നിയിൽ പ്രദർശനത്തിനെത്തും

Nov. 12, 2021

സിഡ്‌നി: സുരേഷ് ഗോപി ഏറെ നാളുകൾക്ക് ശേഷം മാസ് കഥാപാത്രമായി എത്തുന്ന ചിത്രമാണ് 'കാവൽ'. തിരക്കഥാകൃത്ത് രഞ്ജി പണിക്കരുടെ മകൻ നിതിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കാവൽ. നിതിൻ രഞ്ജി പണിക്കർ തന്നെയാണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്.

ചിത്രത്തിൽ സുരേഷ് ​ഗോപിക്കൊപ്പം രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, സായാ ഡേവിഡ്, സാദിഖ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഗുഡ് വിൽ എന്റർടെയിൻനമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നിഖിൽ എസ് പ്രവീണാണ് ക്യാമറ. 

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഈ മാസം 25ന് ലോകമെമ്പാടും തീയറ്ററുകളിൽ എത്തും. ഓസ്ട്രേലിയ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചലച്ചിത്ര നിർമാണ വിതരണ കമ്പനിയായ "Play Films" ആണ് ഈ ചിത്രത്തിന്റെ ഓവർസീസ് റൈറ്സ് കൈവശപ്പെടുത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയയിലെമ്പാടും നവംബർ 25 മുതൽ ചിത്രം പ്രദര്ശിപ്പിക്കുന്നതാണെന്നു ഓസ്‌ട്രേലിയൻ വിതരണാവകാശം ലഭിച്ചിരിക്കുന്ന നന്മ ഇന്റർനാഷണൽ അറിയിച്ചു. സിഡ്‌നി ഇവൻറ് സിനിമാസിൽ നവംബർ 25 വ്യാഴാഴ്ച മുതൽ ചിത്രം പ്രദര്ശനത്തിനെത്തുന്നതാണ്. ഇവൻറ് സിനിമാസിന്റെ വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ് (www.eventcinemas.com.au).

നേരത്തെ കാവലിൻ്റെ ഒടിടി റിലീസിനായി വിവിധ പ്ലാറ്റ്ഫോമുകൾ ഏഴ് കോടി രൂപ വരെ വാ​ഗ്ദാനം ചെയ്തിരുന്നുവെന്ന്  സിനിമയുടെ നി‍ർമാതാവ് ജോബി ജോർജ് പറഞ്ഞിരുന്നു. എന്നാൽ തന്റെ സിനിമകൾ തീയറ്ററുകളിൽ തന്നെ പുറത്തിറക്കുമെന്ന് ജോബി ജോർജ് അന്ന് വ്യക്തമാക്കിയിരുന്നു. 

Related Post