ഓസ്‌ട്രേലിയൻ മലയാളിയുടെ ഹോം സിനിമയായ "ശരി" പ്രേക്ഷക പ്രീതി നേടി മുന്നേറുന്നു

May 8, 2021

ഓരോ മനുഷ്യർക്കും ഓരോ സ്വപ്നങ്ങൾ. ആ സ്വപ്നങ്ങൾക്ക്‌ ജീവൻ നൽകി നമ്മുടെ ജീവിതത്തിന്റെ, ഓർമ്മകളുടെ ഭാഗമാക്കുമ്പോൾ നമ്മുടെയൊക്കെ ജീവിതത്തിനു പുതിയ മാനങ്ങൾ നമ്മൾ നൽകുന്നു. അതെ.. "ശരി" എന്ന സിനിമയിലൂടെ അനീഷ്‌ നായരും, അജു ജോണും കൈകോർത്തപ്പോൾ ഒരു പറ്റം കലാകാരന്മാർക്ക്‌ സിനിമയെന്ന സ്വപ്നവും സാർത്ഥകമായിരിക്കുന്നു. അഡ്ലൈഡിന്റെ മണ്ണിൽ ഒരു കൊച്ച്‌ സിനിമയിലൂടെ ഒരു മലയാളിയുടെ കൈയ്യൊപ്പ്‌...

അക്ഷരങ്ങളെ ഇഷ്ടപ്പെടുന്ന, കവിതകളെ പ്രണയിക്കുന്ന അനീഷിന്റെ ജീവിതത്തിൽ 2020 -എന്ന വർഷം സമ്മാനിച്ചത്‌ തികച്ചും ആകസ്മികവും, എന്നാൽ വെല്ലുവിളികളോടും കൂടിയ ഒരു സിനിമ അനുഭവ മുഹൂർത്തങ്ങളായിരുന്നു. തന്റെ സുഹൃത്തായ സന്തോഷ്‌ സുബ്രമണ്യം, അദ്ദേഹത്തിന്റെ സുഹൃത്തിനുണ്ടായ ഒരു കൊറോണ അനുഭവം പങ്കുവെക്കുകയും, ആ കഥാ തന്തുവിൽ നിന്ന് "ശരി" എന്ന സിനിമയിലേക്കുളള യാത്ര തുടങ്ങുകയും ചെയ്തു. ഒരു നല്ല സന്ദേശം നൽകുന്ന ഒരു സിനിമയെന്നതായിരുന്നു അവർ മുന്നോട്ട്‌ വെച്ച ആശയം. കോവിഡിന്റെ നാളുകളിൽ ഓരോ മനുഷ്യരേയും എങ്ങനെയെല്ലാം ആ മഹാമാരി ബാധിച്ചുവെന്ന് ഈ സിനിമയിലൂടെ ഒരു നേർക്കാഴ്ച്ച നമുക്ക്‌ നകുന്നു. അതിലുപരി നമ്മൾ ദൈനദിന ജീവിതത്തിൽ കണ്ടുമുണ്ടുന്ന നമ്മുടെ സുഹൃത്തുക്കളും, പരിചയക്കാരുമൊക്കെ അഭിനേതാക്കളായി വന്നപ്പോൾ "ശരി" എന്ന സിനിമ അഡ്ലൈഡിലെ ഓരോ കുടുംബത്തിന്റേയും സിനിമയായി മാറി.

 2020 മാർച്ചിൽ ലോകത്തെ പ്രകമ്പനം കൊളളിച്ച കോവിഡ്‌ എന്ന മഹാമാരി ഓസ്ട്രേലിയയിലും അതിന്റെ താണ്ഡവം തുടങ്ങിക്കഴിഞ്ഞിരുന്നതിനാൽ, ലോക്ക്ഡൗണും, ഭീതിജനകമായ അന്തരീക്ഷവും തങ്ങളുടെ സ്വപ്നങ്ങൾക്ക്‌ ഒരു വെല്ലുവിളിയായി ഉയർന്നു. അനീഷ്‌ സിനിമയുടെ തുടർച്ചക്കായി അജു ജോണെന്ന അദ്ദേഹത്തിന്റെ സുഹൃത്തിനെ വിളിക്കുകയും, ഫോണിലൂടെ പരസ്പരം പങ്കുവെച്ച ആശയങ്ങളാൽ ലോക്‌ ഡൗൺ സമയത്ത്‌ അനീഷ്‌ സ്ക്രിപ്റ്റ് എഴുതിതീർക്കുകയും ചെയ്തു.‌ ഓസ്ട്രേലിയൻ ഗവണ്മെന്റിന്റെ വളരെ ശക്തമായ ഇടപെടലിലൂടെ അഡലൈഡിൽ ആ മഹാമാരിയെ നിയന്ത്രണത്തിലാക്കുകയും, ഏപ്രിൽ അവസാനത്തോട്‌ കൂടി ഭാഗീകമായ നിയന്ത്രണങ്ങൾ വെച്ച്കൊണ്ട്‌ ലോക്ക്‌ ഡൗൺ അവസാനിക്കുകയും ചെയ്തു. വീണ്ടും തങ്ങളുടെ സ്വപ്‌നങ്ങൾക്ക്‌ ചിറകുകൾ നൽകി മെയ്‌ മാസത്തിൽ അവർ തങ്ങളുടെ സിനിമയുടെ ഷൂട്ടിംങ്ങ്‌ ആരംഭിച്ചു.

കഥാപാത്രങ്ങളായി സന്തോഷ്‌ സുബ്രമണ്യം, അദ്ദേഹത്തിന്റെ ജീവിത പങ്കാളിയായ വിദ്യാ സന്തോഷ്‌, ഉജസ്റ്റിൻ പോൾ, സജിമോൻ വാരക്കുളയിൽ, ജോൺ ജേക്കബ്‌, ദിവ്യാ ബിജോയ്‌, ഷെർനാ രാജീവ്‌, റെജീഷ്‌ ബാലുശേരി, ബിനു ദേവസ്യാ, മിനി ജേക്കബ്‌, ജെയ്മോൻ അഗസ്റ്റിൻ, മാസ്റ്റർ ലെക്ഷമൺ അങ്ങനെ ഇരുപത്തിരണ്ട്‌ കലാകാരന്മാരെ അണിനിരത്തുവാൻ അനീഷിനു സാധിച്ചു. നിയന്ത്രണങ്ങൾക്കുളളിൽ നിന്നു കൊണ്ട്‌ അഭിനേതാക്കളുടെ ഒഴിവു സമയങ്ങളെ പ്രയോജനപ്പെടുത്തി, പ്രധാന ഭാഗങ്ങൾ സംവിധായകനായ അനീഷിന്റെ ഭവനത്തിലും, അഡ്ലൈഡിലെ ഇന്ത്യൻ വ്യാപാര സ്ഥാപനങ്ങളായ ഇൻഡ്യൻ ചോയിസ്‌, ഗോൾഡൻ ഇൻഡ്യ സൂപ്പർമാർക്കറ്റ്‌ എന്നിവിടങ്ങളിലും ചിത്രീകരിച്ചു. 

ജൂലൈയിൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ എഡിറ്റിംങ്ങും ഡംബിങ്ങുമെല്ലാം അനീഷിനു തന്റെ അക്ഷീണമായ പ്രയത്നത്തിലൂടെ അഡ്‌ലൈഡിൽ തന്നെ പൂർത്തിയാക്കുവാൻ സാധിച്ചുവെന്നത്‌ അനീഷെന്ന കലാകാരന്റെ വലിയ ഒരു നേട്ടമായി നോക്കിക്കാണുന്നു. അഡലൈഡിലെ വളരെ ജനസമ്മതനായ ഗായകനും, സംഗീത സംവിധായകനുമായ മനോജ്‌ ബേബിയാണു "ശരി" എന്ന സിനിമക്ക്‌ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്‌. മനോജിന്റെ സംഗീത ജീവിതത്തിൽ ആദ്യമായിട്ടാണു ഒരു സിനിമക്ക്‌ പശ്ചാത്തല സംഗീതമൊരുക്കുന്നത്‌.  "തന്റെ കഴിവിൽ അനീഷ്‌ അർപ്പിച്ച വിശ്വാസവും, സംഗീത ലോകത്തെ അനുഭവ സമ്പത്തും ആ വലിയ ഉദ്യമത്തിലേക്ക്‌ വഴിതെളിച്ചു. സംഗീതത്തെ ആത്മാവോട്‌ ബന്ധിച്ചിരിക്കുന്ന മനോജ്‌ ബേബി എന്ന സംഗീതഞ്ജന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനാർഹമായ ഒരു മുഹൂർത്തമായി ശരിയെന്ന സിനിമ മാറിയെന്നത്‌ അഡലൈഡ്‌ മലയാളികൾക്ക്‌ എന്നും അഭിമാനിക്കാവുന്നതാണു. അഡലൈഡിലെ യുവ ഗായികയായ ക്രിസ്റ്റീൻ തോമസ്സും, മനോജ്‌ ബേബിയുമാണു ഹമ്മിംങ്ങ്‌ ചെയ്തിരിക്കുന്നത്‌. സബ്റ്റൈറ്റിൽസ്‌ ഹിജാസ്‌ പുനത്തിൽ, സായി സരസ്വതി എന്നിവരുടെ സഹായത്തോടെ പൂർത്തീകരിച്ചു. ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത, ഇതിൽ അഭിനയിച്ച ഒരാൾക്ക്‌ പോലും ഈ സിനിമയുടെ മുഴുവൻ സ്ക്രിപ്റ്റ്‌ അറിയില്ലാ എന്നതായിരുന്നു. ഓരോരുത്തർക്കും അഭിനയിക്കുവാനുളള ഭാഗം മാത്രം പറഞ്ഞുകൊടുത്ത്‌ അനീഷ്‌ അവരെ അഭിനയിപ്പിച്ചപ്പോൾ പ്രേക്ഷകരെപ്പോലെ തന്നെ അഭിനേതാക്കളും "ശരി" എന്ന തങ്ങളുടെ സിനിമക്കായി വളരെ ആകാംക്ഷയോടെ കാത്തിരുന്നു.

റീഗൽ തീയ്യേറ്റേഴ്സിൽ 2021, മാർച്ച്‌ 19-നു നൂറ്റി അമ്പതോളം ആൾക്കാരുടെ സാന്നിധ്യത്തിൽ ശരിയെന്ന സിനിമയുടെ പ്രിവ്യൂ നടത്തുകയുണ്ടായി. ആ പ്രിവ്യൂവിൽ അനീഷ്‌ നായർ നൽകിയ ഒരു സന്ദേശം വളരെ ശ്രദ്ധേയമായി, "പ്രായമായി കഴിയുമ്പോൾ നമ്മൾ എത്ര സമ്പാദിച്ചുവെന്നോ, എത്ര വീടുകൾ സ്വന്തമാക്കിയെന്നോ അല്ലാ നമ്മൾ ചിന്തിക്കുക. ഈ ജീവിതത്തിൽ നമ്മൾ സാർത്ഥകമാക്കിയ നമ്മുടെ കൊച്ച്‌ കൊച്ച്‌ ആഗ്രഹങ്ങളുടെ സംതൃപ്തിയായിരിക്കും നമ്മൾ ഏറ്റവും അഭിമാനത്തോടെ ഓർത്തുവെക്കുന്നത്‌."  ചെറിയ ന്യൂനതകൾക്കുളളിൽ നിന്നുകൊണ്ട്‌ തന്നെ അഡ്ലൈഡ്‌ മലയാളികൾ ആ സിനിമയെ നെഞ്ചോട്‌ ചേർത്തു. അഡ്ലൈഡ്‌ സാഹിത്യലോകത്തെ കവയത്രിയായ സുമി അനിരുത്ഥന്റെ "ശരി" എന്ന സിനിമയെക്കുറിച്ചുളള റിവ്യൂ സോഷ്യൽ മീഡിയയിലും ശ്രദ്ധേയമായി. ഏപ്രിൽ 2-നു യൂടൂബിൽ പബ്ലീഷ്‌ ചെയ്‌ത്‌ സിനിമ നാലായിരത്തിനു മുകളിൽ ആൾക്കാർ കാണുകയും, ആ സിനിമയെക്കുറിച്ച്‌ വളരെയധികം അഭിനന്ദനങ്ങൾ അനീഷിനേയും, അജുവിനേയും അതിന്റെ അണിയറ പ്രവർത്തകരേയും തേടിയെത്തുകയും ചെയ്തു.

പ്രോത്സാഹനങ്ങളാണു ഓരോ കലാകാരന്റേയും വളർച്ചയെ മുൻപോട്ട്‌ നയിക്കുന്നത്‌. ആ ആശംസകളിൽ ചിലതു കൂടി ഇവിടെ ചേർക്കുന്നു;

“ഒരു പാട്‌ പ്രവാസികളുടെ ആരോരും അറിയാത്ത, ആരോടും പറയാത്ത ജീവിതം അതാണു അനീഷ്‌ നായരുടേയും, അജു ജോണിന്റേയും ഈ ഒരു കൊച്ച്‌ ഹോം സിനിമ. ശക്തമായ ഒരു സ്ക്രിപ്റ്റ്‌, ഹൈ ക്വാളിറ്റി വിഷ്വലൈസേഷൻ, മികച്ച അവതരണം." റാം കുമാർ, കഥാകൃത്ത്‌, അഡലൈഡ്‌.

"ഇതൊരു ഗംഭീര വർക്ക്‌ തന്നെയാണു. അനീഷേട്ടൻ പറഞ്ഞ ലാഗിംങ്ങ്‌ ഈ സിനിമക്ക്‌ ആവശ്യമാണു. കാരണം ഇതൊരു സാധാരാണക്കാരുടെ സിനിമയാണു. ഡബിംങ്ങ്‌ വളരെ മികച്ചതാണു. ഇതു വരെ അഭിനിയിച്ചിട്ടില്ലാത്തവരെ ഇത്രയും നന്നായിട്ട്‌ അവതരിപ്പിച്ചത്‌ വളരെ പ്രശംസനീയം തന്നെ." ഗിരിധർ സീരിയൽ -സിനിമ അഭിനേതാവ്‌.

"Saw your short film. Good and timely plot.” Vijai, Canberra.

“നല്ല കഥ മനസ്സിലാകുന്ന ഭാഷയിൽ, ഏച്ചുകെട്ടൊന്നുമില്ലാതെ നന്നായി പറഞ്ഞു. അഭിനേതാക്കളെ നന്നായി വിനിയോഗിച്ചു. നല്ല മെസ്സേജ്‌." ബാബു ഡൈനാമിക്‌.


ഒരു നല്ല സിനിമയെന്ന നിലയിലും, അതിലേറെ വളർന്നു വരുന്ന കലാകരന്മാർക്ക്‌ ഒരു പ്രചോദനവുമായി അനീഷിന്റേയും, അജുവിന്റേയും കൂട്ടുകെട്ടിൽ പിറവിയെടുത്ത "ശരി" എന്ന സിനിമക്ക്‌ സാധ്യമായിയെന്ന് അഭിമാനത്തോട്‌ കൂടിത്തന്നെ പറയുന്നു. പുതിയ സിനിമയുടെ സ്ക്രിപ്റ്റും, ഒരു മ്യൂസിക്ക്‌ ആൽബത്തിന്റെ തിരക്കുകളുമൊക്കെയായി അവർ തങ്ങളുടെ സ്വപ്നങ്ങളുടെ ചിറകുകൾ വിടർത്തി പറന്നുയരുമ്പോൾ മലയാളികളായ നമുക്ക്‌ പ്രോത്‌സാഹനങ്ങൾക്കൊപ്പം മനസ്സ്‌ നിറഞ്ഞ പ്രാർത്ഥനകളും, അനുഗ്രഹങ്ങളും അനീഷ്‌ നായർക്കും, അജു ജോണിനും അവരുടെ സഹപ്രവൃത്തകർക്കായും അർപ്പിക്കാം. 

 

വാർത്ത തയ്യാറാക്കിയത്: കാർത്തിക താന്നിക്കൻ
 

Related Post