400 ദിവസങ്ങൾക്ക് ശേഷം ഓസ്‌ട്രേലിയയിൽ നിന്നുള്ള ആദ്യ വിമാനം ന്യൂസിലന്റിൽ എത്തി

Metrom Australia April 19, 2021 GOVERNMENT , LIFESTYLE

കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ അതിര്‍ത്തി അടച്ച് 400 ദിവസങ്ങള്‍ക്ക് ശേഷം ഓസ്ട്രേലിയയില്‍ നിന്നുള്ള ആദ്യ വിമാനം തിങ്കളാഴ്ച ന്യൂസിലന്റില്‍ എത്തി. സിഡ്നിയില്‍ നിന്നുള്ള ജെറ്റ്സ്റ്റാര്‍ വിമാനമാണ് തിങ്കളാഴ്ച ഉച്ചയോടെ ഓക്ലാന്റില്‍ എത്തിയത്. അന്‍സാക് ദിനത്തിന് മുന്നോടിയായി ട്രാന്‍സ്-ടാസ്മാന്‍ ബബ്ബിള്‍ സാധ്യമായത് ഇരു രാജ്യങ്ങള്‍ക്കും നേട്ടമുണ്ടാക്കുന്നതാണെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. അതേസമയം ക്വണ്ടസ്, ജെറ്റ്സ്റ്റാര്‍, എയര്‍ ന്യൂസിലന്റ് എന്നീ വിമാനകമ്പനികള്‍ ട്രാന്‍സ് ടാസ്മാന്‍ ബബ്ബിളില്‍ പങ്കുചേരുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഒക്ടോബര്‍ 31 നു ശേഷം മാത്രമേ വിര്‍ജിന്‍ ഓസ്‌ട്രേലിയ ന്യൂസിലന്റ് സര്‍വീസുകള്‍ പുനരാരംഭിക്കുകയുള്ളു.

ഓസ്ട്രേലിയയുമായി യാത്രാ ബബ്ബിള്‍ ഉടന്‍ സാധ്യമാക്കുമെന്ന് ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡീന്‍ രണ്ടാഴ്ച മുന്‍പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓസ്ട്രേലിയക്കാര്‍ക്കായി ന്യൂസിലാന്റ് അതിര്‍ത്തി തുറന്നത്. ഞായറാഴ്ച രാത്രി വെല്ലിംഗ്ടണ്‍ സമയം 11.59നാണ് ഓസ്ട്രേലിയയുമായുള്ള യാത്രാ ബബ്ബിള്‍ തുടങ്ങിയത്. ഇതോടെ ഓസ്ട്രേലിയയില്‍ നിന്ന് ന്യൂസിലന്റിലേക്ക് ഇനി ക്വാറന്റൈന്‍ ഇല്ലാതെ യാത്ര ചെയ്യാം. എന്നാല്‍ യാത്രക്ക് മുന്‍പ് ചില തയ്യാറെടുപ്പുകള്‍ ആവശ്യമാണ്. അവ എന്തൊക്കെയാണെന്ന് നോക്കാം. 

ന്യൂസിലന്റില്‍ എത്തിയ ശേഷം ന്യൂസിലന്റ് അധികൃതര്‍ക്ക് നിങ്ങളെ എങ്ങനെ ബന്ധപ്പെടാമെന്ന കാര്യം അറിയിക്കേണ്ടതാണെന്നതാണ് ഒരു പ്രധാനപ്പെട്ട കാര്യം. രോഗവ്യാപനം തടയാനുള്ള കരുതല്‍ നടപടികള്‍ എന്ന നിലയില്‍ വിമാനത്താവളങ്ങളില്‍ ശരീര താപനില പരിശോധന നടത്തുമെന്നും, ഓസ്ട്രേലിയയില്‍ നിന്നുള്ള യാത്രക്കാരെ വിമാനത്താവളത്തില്‍ വച്ച് മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവരുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ അനുവദിക്കില്ലെന്നും ന്യൂസ്ലാന്‍ഡ് പ്രധാനമന്ത്രി ജസിന്ത വ്യക്തമാക്കി. അതോടൊപ്പം വിമാനത്തില്‍ മാസ്‌ക് ധരിക്കണം. കൂടാതെ NZ COVID Tracer ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടാവണം. അതേസമയം ന്യൂസിലന്റിലേക്ക് യാത്ര ചെയ്യാന്‍ കോവിഡ് വാക്സിന്‍ നിര്‍ബന്ധമല്ല. എന്നാല്‍ ഫ്‌ലൂവോ ജലദോഷമോ ഉള്ളവര്‍ക്ക് യാത്രചെയ്യാന്‍ അനുവാദം നല്‍കില്ലെന്ന് ജസിന്ത ആര്‍ഡീന്‍ അറിയിച്ചു.
 

Related Post